
കൊൽക്കത്ത : മലയാളികളായ സി.കെ വിനീത്,റിനോ ആന്റോ എന്നിവരടക്കം ഏഴു താരങ്ങൾക്ക് ശമ്പളക്കുടിശികയായി 1.42 കോടി രൂപ ഈസ്റ്റ് ബംഗാൾ ക്ളബ് നൽകണമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ നിർദേശം. ഒന്നരമാസത്തിനകം തുക നൽകിയില്ലെങ്കിൽ പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകി.
ശമ്പളക്കരാർ ലംഘനം ആരോപിച്ച് താരങ്ങൾ നൽകിയ പരാതിയിലാണ് ഒരുവർഷത്തിനുശേഷം തീരുമാനമാകുന്നത്. കഴിഞ്ഞ സീസൺ ഐ.എസ്.എലിൽ താരങ്ങളുമായി കരാർ ഒപ്പുവച്ച ക്ലബ്, ഇവരെ കാരണംകൂടാതെ പുറത്താക്കുകയും ശമ്പളം നിഷേധിക്കുകയുമായിരുന്നെന്നായിരുന്നു പരാതി. റിനോയ്ക്ക് 26 ലക്ഷം രൂപയും വിനീതിന് 21 ലക്ഷവുമാണ് നൽകേണ്ടത്. കാവിൻ ലോബോ (41 ലക്ഷം), കീഗൻ പെരേര (16.80), ഗിരിക് ഘോസ്‌ല (6.30), യൂജിൻസൺ ലിംഗ്ദോ (21), അനിൽ ചവാൻ (10.28) എന്നിവർക്കും കുടിശിക നൽകണം.
ഐഎസ്എലിലെ 4 കളികൾക്കുശേഷമാണ് വിനീതും റിനോയുമടക്കം 9 താരങ്ങളെ ടീം പുറത്താക്കിയത്. ഇതിൽ 7 പേരാണ് പരാതി നൽകിയത്. 3 കളികളാണ് വിനീത് കളിച്ചത്. രണ്ടെണ്ണത്തിലും പകരക്കാരനായിരുന്നു. റിനോ ഒരൊറ്റ മത്സരം പോലും കളിച്ചില്ല. മലയാളിയായ ഇർഷാദിനെയും ക്ലബ് അന്ന് പുറത്താക്കിയിരുന്നു. തൊട്ടുമുൻപിലത്തെ മത്സരത്തിലെ മാൻ ഒഫ് ദ മാച്ചായിരുന്നു ഇർഷാദ്.
മുമ്പ് ഐ ലീഗിലും ഈസ്റ്റ് ബംഗാൾ ശമ്പളക്കരാർ ലംഘനം നടത്തിയിരുന്നതായി ആരോപണമുണ്ട്. ഐ ലീഗ് ക്ലബ് പഞ്ചാബ് എഫ്.സിയുടെ താരങ്ങളാണ് വിനീതും റിനോയും കാവിൻ ലോബോയും കീഗനും ഇപ്പോൾ. ഐഎസ്എലിൽ നിലവിൽ ഈസ്റ്റ് ബംഗാളിന്റെ നില വളരെ പരുങ്ങലിലാണ്. ഈയിടെ പരിശീലകനെ മാറ്റിയെങ്കിലും 10 പോയിന്റുമായി പത്താം സ്ഥാനത്ത് തുടരുകയാണ് ടീം. 16 കളിയിൽ ഒരെണ്ണം മാത്രമാണ് ജയിക്കാനായത്. 7 സമനില, 8 തോൽവിയും.