under-construction-tunnel

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ കാട്നി ജില്ലയിലെ ശ്ലീമനബാദിൽ ബാർഗി കനാലിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കം തകർന്നു വീണ് ഒമ്പത് തൊഴിലാളികൾ കുടുങ്ങിയെങ്കിലും ഏഴ് പേരെ രക്ഷപ്പെടുത്തി. രണ്ട് പേരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ രാത്രി വൈകിയും പുരോഗമിക്കുകയാണ്. ബാർഗി കനാൽ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കമാണ് തകർന്നത്.

ശനിയാഴ്ച വൈകിട്ടാണ് സംഭവം. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ ശബ്ദമുണ്ടാക്കി പ്രതികരിക്കുന്നുണ്ടെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ജബൽപുരിൽ നിന്നെത്തിയ സംസ്ഥാന ദുരന്തനിവാരണ പ്രതികരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. പൊലീസും മറ്റ് തൊഴിലാളികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണെന്ന് ജില്ലാ കളക്ടർ പ്രിയങ്കാ മിശ്ര പറഞ്ഞു. അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിർദ്ദേശിച്ചു.