
കണ്ണൂർ: വിവാഹവീട്ടിൽ തർക്കത്തെ തുടർന്നുളള സംഘർഷത്തിൽ ബോംബ് പൊട്ടി യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. മരിച്ചത് വീട്ടിലേക്ക് ബോംബുമായി വന്ന സംഘത്തിലുണ്ടായിരുന്നയാളാണെന്ന് തെളിഞ്ഞു. കണ്ണൂർ എച്ചൂർ സ്വദേശി ജിഷ്‌ണു(26)വാണ് ബോംബ് പൊട്ടി മരിച്ചത്. ആദ്യം അക്രമിസംഘം എറിഞ്ഞ നാടൻ ബോംബ് പൊട്ടിയില്ല. രണ്ടാമത് എറിഞ്ഞ ബോംബ് ജിഷ്‌ണുവിന്റെ തലയിൽ വീണ് പൊട്ടുകയായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൂന്നുപേർക്ക് പരിക്കുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.
ഇന്നലെ തോട്ടടയിലെ വിവാഹ വീട്ടിൽ ഉച്ചത്തിൽ പാട്ടുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു.എച്ചൂരിലെ വരന്റെ ബന്ധുക്കളും നാട്ടുകാരായ യുവാക്കളുടെ സംഘവുമാണ് ചേരി തിരിഞ്ഞ് തർക്കമായത്. പ്രശ്‌നം വരന്റെ കുടുംബാംഗങ്ങൾ ഒത്തുതീർത്തിരുന്നു.
ഇതിന് പിന്നാലെയാണ് നാട്ടുകാരായവർ ബോംബുമായി ഇന്ന് കല്യാണ വീട്ടിലെത്തിയത്. അപ്പോഴേക്കും വരനും ബന്ധുക്കളും വധുവിനെയും കൂട്ടി ഇവിടെനിന്നും പോയിരുന്നു. സ്‌ഫോടനമുണ്ടായ ഉടൻ തന്നെ ജിഷ്‌ണു മരിച്ചു. പൊട്ടാതെ കിടന്ന നാടൻ ബോംബ് പൊലീസെത്തി നിർവീര്യമാക്കി. ഇത് കസ്‌റ്റഡിയിലെടുത്തു.