
പാലക്കാട്: മലമ്പുഴ ചെറാട് കുറുമ്പാച്ചി മലയിടുക്കിൽ നിന്ന് സൈന്യം രക്ഷിച്ച ബാബുവിന് പിറന്നാൾ ദിനത്തിൽ സഹായ വാഗ്ദാനവുമായി വി.കെ.ശ്രീകണ്ഠൻ എം.പി. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശ്രീകണ്ഠൻ ഇന്നലെ രാവിലെയാണ് ബാബുവിന് ജന്മദിനാശംസകൾ നേരാൻ എത്തിയത്. ബാബു നല്ല ആത്മധൈര്യത്തിന്റെ ഉടമയാണെന്ന് അദ്ദേഹം പറഞ്ഞു. നാടിന്റെ മുഴുവൻ പ്രാർത്ഥനയാണ് ബാബുവിന്റെ ഈ തിരിച്ചുവരവ്. ഈ ആത്മധൈര്യം ഉയരങ്ങളിൽ എത്തിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ബാബുവിന് വീടുവച്ച് കൊടുക്കാനായി മുൻകൈ എടുക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.