russia

വാഷിംഗ്ടൺ : യുക്രെയിനെ ആക്രമിച്ചാൽ റഷ്യയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് നിർണയാക പ്രതികരണമുണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയിൻ വിഷയത്തിൽ ഇരുവരും ഇന്നലെ നടത്തിയ ഫോൺ സംഭാഷണത്തിനിടെയിലാണ് ബൈഡന്റെ മുന്നറിയിപ്പ്. അമേരിക്കൻ സമയം, ശനിയാഴ്ച രാവിലെ 11.04ന് ( ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 9.34 ) ആരംഭിച്ച സംഭാഷണം ഒരു മണിക്കൂറിലേറെ നീണ്ടതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇരുവരുടെയും ചർച്ച പ്രതിസന്ധിയിൽ യാതൊരു ഇളവും സൃഷ്ടിച്ചില്ലെന്നാണ് വിവരം.

റഷ്യയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നടപടിയുണ്ടായാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും റഷ്യയെ ഒറ്റപ്പെടുത്തുമെന്നും ബൈഡൻ പുടിനോട് വ്യക്തമാക്കി. യു.എസിന് പിന്നാലെ നിരവധി രാജ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ യുക്രെയിനിൽ നിന്ന് തങ്ങളുടെ പൗരന്മാരോട് മടങ്ങണമെന്ന് നിർദ്ദേശിച്ചിരുന്നു. പോർച്ചുഗൽ, ബെൽജിയം എന്നിവയും ഇന്നലെ സമാന നിർദ്ദേശം നൽകി.

യുക്രെയിനിന്റെ തലസ്ഥാനമായ കീവിൽ നിന്ന് തങ്ങളുടെ എംബസി ജീവനക്കാരെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെയും ഒഴിപ്പിക്കുന്ന നടപടികൾക്ക് ഇസ്രയേൽ ഇന്നലെ തുടക്കം കുറിച്ചു. കീവിലെ എംബസി ഒഴിപ്പിക്കുമെന്ന് ഓസ്ട്രേലിയയും ഇന്നലെ വ്യക്തമാക്കി. യുക്രെയിൻ വിഷയത്തിൽ ചൈന നിശബ്ദത വെടിയണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.

 സൈനിക ശക്തി കൂട്ടുന്നു

യുക്രെയിനെ ചുറ്റി പടിഞ്ഞാറൻ റഷ്യ, ബെലറൂസ്, ക്രിമിയ എന്നിവിടങ്ങളിൽ റഷ്യ നടത്തുന്ന സൈനിക വിന്യാസം വർദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന കൂടുതൽ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. യു.എസിലെ കൊളറാഡോ ആസ്ഥാനമായുള്ള സ്പേസ് ടെക്നോളജി കമ്പനിയായ മാക്സറിന്റെ ഉപഗ്രഹമാണ് ചിത്രങ്ങൾ പകർത്തിയത്.

ക്രിമിയയിലെ ഒക്റ്റ്യാബ്ര്‌സ്കോയ് എയർഫീൽഡിൽ പുതിയ ട്രൂപ്പിനെയും ആയുധശേഖരങ്ങളെയും വലിയ തോതിൽ വിന്യസിച്ചതായി ഫെബ്രുവരി 10ന് എടുത്ത ചിത്രത്തിൽ കാണാം. 550ലധികം ട്രൂപ്പ് ടെന്റുകളും നൂറുകണക്കിന് വാഹനങ്ങളും സിംഫെറോപോളിന് വടക്കുള്ള ഉപേക്ഷിക്കപ്പെട്ട ഈ എയർഫീൽഡിൽ ഇപ്പോൾ ഉണ്ട്. നൊവൂസെർനോയ്, സ്ലേവ്‌ൻ പട്ടണങ്ങൾക്ക് സമീപത്തും പുതിയ സേനാവിന്യാസം രൂപപ്പെട്ടിട്ടുണ്ട്.

ബെലറൂസിൽ നിലവിൽ റഷ്യയുമായുള്ള സംയുക്ത സൈനികാഭ്യാസം നടക്കുന്നുണ്ട്. യുക്രെയിൻ അതിർത്തിയിൽ നിന്ന് 25 കിലോമീറ്ററിനുള്ളിൽ ഗോസ്മലിന് സമീപം സ്യാബ്രോവ്‌ക എയർഫീൽഡിൽ പുതിയ ട്രൂപ്പുകൾ, മിലിട്ടറി വാഹനങ്ങൾ, ഹെലികോപ്ടറുകൾ എന്നിവ വിന്യസിച്ചതായി കാണാം. യുക്രെയിൻ അതിർത്തിയിൽ നിന്ന് 45 കിലോമീറ്റർ അകലം റെഷിറ്റ്സ നഗരത്തിലും സൈനികവിന്യാസമുണ്ട്.

പടിഞ്ഞാറൻ റഷ്യയിൽ, യുക്രെയിൻ അതിർത്തിയിൽ നിന്ന് ഏകദേശം 110 കിലോമീറ്റർ കിഴക്ക് കർസ്ക് ട്രെയിനിംഗ് ഏരിയയിൽ കൂടുതൽ ട്രൂപ്പുകളെ വിന്യസിച്ചു. ആയുധങ്ങൾ എത്തിക്കുന്നതുൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഇവിടെ തുടരുകയാണ്.