
ലക്‌നൗ: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഇടയിൽ ഭിന്നത രൂക്ഷമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിന് ചുട്ടമറുപടിയുമായി പ്രിയങ്ക.
'എവിടെയാണ് ഭിന്നത?. എന്തിനുവേണ്ടി?. ഞാനെന്റെ സഹോദരന് വേണ്ടി ജീവൻ കൊടുക്കും. രാഹുൽ തിരിച്ചും. ഭിന്നത യോഗിയുടെ മനസിലാണ്. തമ്മിൽതല്ലുന്നത് ബി.ജെ.പി നേതാക്കളും.'- പ്രിയങ്ക മാദ്ധ്യമങ്ങളോട് പറഞ്ഞു.
പഞ്ചാബിൽ നവി സോച്ഛ് നവ പഞ്ചാബ് റാലിയിൽ സംസാരിക്കവേ മുൻമുഖ്യമന്ത്രി അമരീന്ദർ സിംഗിനെയും പ്രിയങ്ക വിമർശിച്ചു.
'അമരീന്ദറിനെ നിയന്ത്രിച്ചിരുന്നത് കേന്ദ്രസർക്കാരും ബി.ജെ.പിയുമായിരുന്നു. സംസ്ഥാനത്ത് പാർട്ടിക്കുള്ളിൽ തെറ്റായ ചിലത് നടക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് മനസിലായി. അതിനാലാണ് നേതൃത്വത്തെ മാറ്റിയത്.' ഗാന്ധികുടുംബത്തിന്റെ ദീർഘകാല വിശ്വസ്തനായിരുന്ന അമരീന്ദർ സിംഗിന്റെ പേര് പറയാതെയായിരുന്നു പ്രിയങ്കയുടെ വിമർശനം.
കഴിഞ്ഞ അഞ്ച് വർഷമായി പഞ്ചാബ് ഭരിക്കുന്നത് കോൺഗ്രസാണ്. ഈ സർക്കാരിന്റെ പ്രവർത്തനം പഞ്ചാബിൽ നിന്ന് മാറ്റി ഇപ്പോൾ ഡൽഹിയിൽ നിന്നാണ്. കോൺഗ്രസിന് പകരം സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാണ്. അദ്ദേഹത്തിന്റെ ഈ മറഞ്ഞിരിക്കുന്ന കൂട്ടുകെട്ട് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. അതാണ് ചന്നിയെ മുഖ്യമന്ത്രിയാക്കാൻ കാരണം. ഞങ്ങൾക്ക് ചരൺജിത് സിംഗ് ചന്നിയെ ലഭിച്ചു. അദ്ദേഹം നിങ്ങളിലൊരാളാണ്. അദ്ദേഹത്തിന് നിങ്ങളെ അറിയാനും നിങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കാനും സാധിക്കുമെന്നും പ്രിയങ്ക പറഞ്ഞു.