
തുറവൂർ: പുലർച്ചെ റോഡരികിൽ തനിയെ ടയർ മാറ്റാൻ ശ്രമിക്കുന്ന ലോറി ഡ്രൈവറെ കണ്ടാണ് വാസുദേവൻ സഹായിക്കാനെത്തിയത്. എന്നാൽ അത് മരണത്തിലേയ്ക്കുള്ള ക്ഷണമാണെന്ന് തീരെ കരുതിയില്ല. പട്ടണക്കാട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ പട്ടണക്കാട് സ്വദേശിയായ വാസുദേവനടക്കം രണ്ട് പേർ ദാരുണമായി മരിച്ച വിവരം പൊന്നാം വെളി ഗ്രാമം ഇന്നലെ പുലർച്ചേ ഞെട്ടലോടെയാണ് അറിഞ്ഞത്. ഏവർക്കും സഹായിയും പ്രിയങ്കരനുമായിരുന്നു വാസുദേവന്റെ മരണം നാടിന്റെ തന്നെ വേദനയായി. അപകട വാർത്തയറിഞ്ഞ് നൂറ് കണക്കിന് പേരാണ് ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. എല്ലാ ഞായറാഴ്ചകളിലും അതിരാവിലെ മുടക്കമില്ലാതെ തുറവൂർ മഹാ ക്ഷേത്രത്തിൽ ദർശനം നടത്തുമായിരുന്നു . സുഹൃത്തുമൊത്ത് പതിവായി ഓട്ടോയിലാണ് പോകുന്നത്. ഇന്നലെ സുഹൃത്തില്ലാതിരുന്നതിനാൽ സന്തത സഹചാരിയായ സൈക്കിളിലാണ് അഞ്ച് കിലോമീറ്റർ താണ്ടി വാസുദേവൻ ക്ഷേത്രത്തിലേക്ക് പോയത്.
ദർശന ശേഷം വയലാർ ജംഗ്ഷന് പടിഞ്ഞാറുള്ള വീട്ടിലേക്ക് സൈക്കിളിൽ വരുമ്പോഴാണ് പൊന്നാം വെളിയിൽ വച്ച് ടയർ പഞ്ചറായ പിക്കപ്പ് വാൻ കാണുന്നത്. സൈക്കിൾ റോഡരികിൽ വച്ച ശേഷം ഡ്രൈവർക്കൊപ്പം ജാക്കിയും സ്റ്റെപ്പിനിയും എടുത്ത് വച്ച് ടയർ മാറ്റാൻ സഹായിക്കാൻ തുടങ്ങുന്നതിടെയാണ് പാഞ്ഞെത്തിയ സിമൻറ് കട്ട കയറ്റി വന്ന ലോറി ഇരുവരുടെയും ജീവൻ അപഹരിച്ചത്. ഇരുവരുടെയും മൃതദേഹം ചേർത്തല താലൂക്കാശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്കു ശേഷം ഇന്ന് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും.