lulu

മനാമ: വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്ക് ബഹ്‌റൈൻ ഏർപ്പെടുത്തിയ ഗോൾഡൻ വീസ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയെന്ന പട്ടംചൂടി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ബഹ്‌റൈനിലേക്ക് നിക്ഷേപം ആകർഷിക്കുക കൂടി ലക്ഷ്യമിട്ടുള്ള ഗോൾഡൻ വീസയുടെ കാലാവധി 10 വർഷമാണ്.

ഇന്നലെ ചേർന്ന ബഹ്‌റൈൻ മന്ത്രിസഭാ യോഗമാണ് '001" നമ്പറുള്ള ആദ്യ ഗോൾഡൻ വീസ യൂസഫലിക്ക് സമ്മാനിക്കാൻ തീരുമാനിച്ചത്. ബഹുമതി ലഭിച്ചതിൽ അഭിമാനമുണ്ടെന്നും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ബഹ്‌റൈൻ സർക്കാരിനും നന്ദി അറിയിക്കുന്നതായും എം.എ. യൂസഫലി പറഞ്ഞു.

ബഹ്‌റൈൻ രാജാവുമായും പ്രധാനമന്ത്രിയുമായും എം.എ. യൂസഫലി കൂടിക്കാഴ്ചയും നടത്തി. ബഹ്‌റൈന്റെ വികസനക്കുതിപ്പിനായി വിഷൻ 2030 പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ഗോൾഡൻ വീസ പദ്ധതിയും രാജ്യത്തേക്ക് പുതുനിക്ഷേപകരെ ആകർഷിക്കുമെന്നും രാജ്യത്തിന്റെ പ്രതിച്ഛായ കൂടുതൽ ഉയരുമെന്നും യൂസഫലി പറഞ്ഞു.

യു.എ.ഇയിൽ സ്ഥിരതാമസത്തിനുള്ള ഗോൾഡ് കാർഡ് വീസ ലോകത്താദ്യമായി നേടിയതും സൗദിയിൽ സ്ഥിരതാമസത്തിനുള്ള പ്രീമിയം റസിഡൻസി കാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരനും യൂസഫലിയാണ്.