ford

ന്യൂഡൽഹി: ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നതായി അറിയിച്ച് ആറ് മാസം പൂർത്തിയാകുന്നതിന് മുമ്പ് തങ്ങളുടെ തീരുമാനം പുനപരിശോധിച്ച് വാഹന നിർമാതാക്കളായ ഫോർഡ്. ഇന്ത്യയിൽ നിലവിൽ ഫോർഡിന്റെ പക്കലുള്ള രണ്ട് വാഹനനിർമാണ പ്ളാന്റുകളിൽ ഒരെണ്ണം ഇലക്ട്രിക്ക് വാഹനങ്ങളുടെ നി‌ർമാണത്തിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കുമോ എന്നതാണ് കമ്പനി നിലവിൽ പരിഗണിക്കുന്നത്.

ഇത്തരത്തിൽ ഇന്ത്യയിൽ നി‌ർമിക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങൾ പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും മറ്റുള്ളവ ഇന്ത്യയിൽ തന്നെ വിറ്റഴിക്കാനുമാണ് ഫോർഡ് നിലവിൽ തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്.

ഏകദേശം രണ്ട് ബില്ല്യൺ അമേരിക്കൻ ഡോളർ നഷ്ടത്തിലാണ് കമ്പനി ഇന്ത്യയിൽ പ്രവ‌ർത്തിക്കുന്നതെന്നും ഇങ്ങനെ തുടരാൻ സാധിക്കില്ലെന്നും കാണിച്ചാണ് അമേരിക്കൻ കമ്പനിയായ ഫോർഡ് കഴിഞ്ഞ സെപ്തംബറിൽ ഇന്ത്യ വിട്ടത്. ലോകത്ത് വിറ്റഴിക്കുന്ന മൊത്തം ഫോ‌ർഡ് വാഹനങ്ങളുടെ രണ്ട് ശതമാനം മാത്രമാണ് ഇന്ത്യയിലെ ഫോ‌ർഡിന്റെ വിപണി. എന്നാൽ വൈദ്യുത വാഹനങ്ങളുടെ വിപണിയിൽ ഇന്ത്യ ഭാവിയിൽ വലിയൊരു മാ‌ർക്കറ്റ് ആയിതീരാൻ സാദ്ധ്യതയുണ്ടെന്നാണ് ഫോ‌ർഡിന്റെ വിലയിരുത്തൽ.

അതേസമയം ഫോർഡ് മടങ്ങിയെത്തുമെങ്കിൽ പോലും അടുത്തൊന്നും അത് നടക്കാൻ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ. വൈദ്യുത വാഹനങ്ങളോടുള്ള രാജ്യത്തിന്റെ പ്രതികരണം സൂക്ഷ്മമായി വീക്ഷിച്ച ശേഷം മാത്രമായിരിക്കും ഫോ‌ർഡിന്റെ തുടർനടപടികൾ.