
തൃശൂർ: പ്രശസ്‌ത ചലച്ചിത്ര താരം മെഗാസ്‌റ്റാർ ചിരഞ്ജീവി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാര്യ സുരേഖയോടൊപ്പം മൂന്നുമണിയോടെ ഗുരുവായൂരെ ശ്രീവത്സം ഗസ്‌റ്റ്‌ഹൗസിലെത്തിയ അദ്ദേഹം നാലരയോടെയാണ് ക്ഷേത്രത്തിൽ ദർശനം നടത്തിയത്. കാണിക്കയും അർപ്പിച്ചു. മുൻപ് 2012ൽ സ്വതന്ത്ര ചുമതലയുളള ടൂറിസം,സാംസ്‌കാരിക വകുപ്പിലെ കേന്ദ്രമന്ത്രിയായിരിക്കെയും ചിരഞ്ജീവി ക്ഷേത്രത്തിലെത്തിയിരുന്നു.
ദേവസ്വം ഭരണസമിതിയംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്‌മിനിസ്‌ട്രേറ്റർ കെ.പി വിനയൻ, മുൻ ഭരണസമിതിയംഗം കെ.വി ഷാജി എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രദർശനത്തിന് ശേഷം അദ്ദേഹത്തിന് പ്രസാദ കിറ്റ് നൽകി. ദേവസ്വത്തിന്റെ ഉപഹാരവും അദ്ദേഹത്തിന് സമ്മാനിച്ചു.
കൊറട്ടല ശിവ സംവിധാനം ചെയ്‌ത ആചാര്യയാണ് ചിരഞ്ജീവിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ഏപ്രിൽ ഒന്നിനായിരുന്നു ആദ്യം ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ ചിരഞ്ജീവിയുടെ മകനും സൂപ്പർ താരവുമായ രാം ചരൺ ഉൾപ്പടെ അഭിനയിച്ച ആർആർആർ മാർച്ച് 25ന് റിലീസ് ചെയ്യുന്നതിനാൽ ചിത്രത്തിന്റെ റിലീസ് ഏപ്രിൽ 19 ലേക്ക് നീട്ടിയിരുന്നു. പീരിഡ് ചിത്രമായ സെയ്യ് റാ നരസിംഹ റെഡ്‌ഡിയാണ് അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.