lic

ന്യൂഡൽഹി: മാസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ (എൽ.ഐ.സി) പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള (ഐ.പി.ഒ) അപേക്ഷ (ഡി.ആർ.എച്ച്.പി) സെബിക്ക് സമർപ്പിച്ചു. ഐ.പി.ഒ മാർച്ചിൽ പ്രതീക്ഷിക്കാം.

നിലവിൽ എൽ.ഐ.സിയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസർക്കാരിന്റെ കൈവശമാണ് (ധനമന്ത്രാലയമാണ് എൽ.ഐ.സിയെ നിയന്ത്രിക്കുന്നതെങ്കിലും ചട്ടപ്രകാരം യഥാർത്ഥ പ്രമോട്ടർ രാഷ്‌ട്രപതിയാണ്). ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒയ്ക്കാണ് എൽ.ഐ.സി ഒരുങ്ങുന്നത്. ഓഹരികൾ പൂർണമായും സർക്കാരിന്റെ കൈവശമായതിനാൽ ഓഫർ ഫോർ സെയിലിലൂടെയാണ് (ഒ.എഫ്.എസ്) വില്പന.

കേന്ദ്രത്തിന്റെ പക്കലുള്ളത് 632 കോടി ഓഹരികളാണ്. ഇതിൽ 31.6 കോടി ഓഹരികളാണ് (അഞ്ചു ശതമാനം) ഐ.പി.ഒയിൽ വയ്ക്കുക. പ്രമോട്ടർമാർ കുറഞ്ഞത് അഞ്ചു ശതമാനം ഓഹരികൾ വിറ്റഴിക്കണമെന്നാണ് സെബിയുടെ ചട്ടം. എൽ.ഐ.സിക്ക് 5.39 ലക്ഷം കോടി രൂപ കോർപ്പറേറ്റ് മൂല്യവും (എംബഡഡ് വാല്യു) വിലയിരുത്തിയാണ് ഐ.പി.ഒയെന്നും സൂചനയുണ്ട്.

കുറഞ്ഞത് 70,000 കോടി രൂപ ഐ.പി.ഒയിലൂടെ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. പേടിഎം കഴിഞ്ഞ നവംബറിൽ സമാഹരിച്ച 18,300 കോടി രൂപയുടെ റെക്കാഡ് ഇതോടെ പഴങ്കഥയാകും.

പോളിസി ഉടമകൾക്കും ഓഹരി

വിറ്റഴിക്കുന്ന മൊത്തം ഓഹരികളിൽ 50 ശതമാനം യോഗ്യരായ നിക്ഷേപകർക്കാണ് (ക്യു.ഐ.ബി). സ്ഥാപനേതര നിക്ഷേപകർക്കായി 15 ശതമാനം മാറ്റിവയ്ക്കും. ബാക്കി റീട്ടെയിൽ നിക്ഷേപകർക്കുള്ളതാണ്. ഇതിൽ 10 ശതമാനം എൽ.ഐ.സി പോളിസി ഉടമകൾക്കായി വകയിരുത്തും. 29 കോടി പോളിസി ഉടമകളാണ് എൽ.ഐ.സിക്കുള്ളത്.