
ഇരിങ്ങാലക്കുട: വിനീതയെ കൊലപ്പെടുത്തിയ കേസിൽ കന്യാകുമാരി സ്വദേശി രാജേന്ദ്രൻ അറസ്റ്റിലായതിന് പിന്നാലെ ഇരിങ്ങാലക്കുട ആനീസ് വധക്കേസിൽ തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിൽ പൊലീസ്. ആനീസിന്റെയും വിനീതയുടെയും കൊലപാതകങ്ങൾ തമ്മിലുള്ള സമാനതയാണ് അന്വേഷണ ഉദ്യോഗസ്ഥരെ സംശയത്തിലാഴ്ത്തിയിരിക്കുന്നത്.
ആഭരണങ്ങൾ മോഷ്ടിക്കാൻ നടത്തിയ കൊലപാതകം എന്ന നിലയിലായിരുന്നു ആനീസ് വധക്കേസിൽ അന്വേഷണം ആദ്യം തുടങ്ങിയത്. ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തിയിട്ടും ഫലമുണ്ടായില്ല. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റാണ് വിനീതയുടെയും മരണം. ആനീസിന്റെ കഴുത്തിലും ഇതുപോലെ മുറിവുണ്ടായിരുന്നു. ആഭരണം മോഷ്ടിക്കാനായിരുന്നു രണ്ടുകൊലപാതകങ്ങളും നടത്തിയത്.
കഴിഞ്ഞ ദിവസം അന്വേഷണ സംഘം രാജേന്ദ്രന്റെ ചിത്രം മാദ്ധ്യമങ്ങളിലൂടെയും മറ്റും പ്രസിദ്ധീകരിച്ചിരുന്നതിനെ തുടർന്ന് കുറെ പേർ വിളിച്ചിരുന്നു. അന്വേഷണത്തിന് ഗുണം ചെയ്യുന്നതരത്തിലുള്ള വിവരം വരും ദിവസങ്ങളിൽ ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥസംഘം കരുതുന്നത്. രാജേന്ദ്രനെ ചോദ്യം ചെയ്യാനും ആലോചനയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തിരുവനന്തപുരത്തെ അന്വേഷണ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്കായിരിക്കും രാജേന്ദ്രനെ ചോദ്യം ചെയ്യുകയെന്നാണ് അറിയുന്നത്. രാജേന്ദ്രനെന്ന പേരിലോ മറ്റേതെങ്കിലും വ്യാജപേരിലോ ഇരിങ്ങാലക്കുടയിലോ സമീപപ്രദേശങ്ങളിലോ 2019 കാലഘട്ടത്തിൽ ജോലി ചെയ്തിരുന്നോയെന്നാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്.
ഹോട്ടലുകളിലോ, ഇറച്ചി, ചിക്കൻ കടകളിലോ, മറ്റേതെങ്കിലും തൊഴിലുകളിലോ ഏർപ്പെട്ട് വന്നിരുന്നോയെന്നും തെരയുന്നുണ്ട്. ഈസ്റ്റ് കോമ്പാറയിൽ ആനീസ് കൊല്ലപ്പെട്ട 2019ൽ രാജേന്ദ്രൻ ഇരിങ്ങാലക്കുട മേഖലയിൽ എത്തിയിരുന്നോ എന്നതാണ് ക്രൈം ബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. 2019 നവംബർ 14ന് വൈകിട്ട് ആറരയോടെ വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് ആനീസിന്റെ മൃതദേഹം കണ്ടെത്തിയത്.