
ബംഗളൂരു: മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത് ഉൾപ്പെടെ 11 മലയാളിതാരങ്ങളാണ് ഇത്തവണത്തെ ഐ പി എൽ ലേലത്തിൽ പങ്കെടുത്തത്. എന്നാൽ ഇതിൽ വിഷ്ണു വിനോദും കെ എം ആസിഫും ബേസിൽ തമ്പിയും മാത്രമാണ് ഐ പി എൽ ടീമുകളിലേക്ക് സെലക്ഷൻ ലഭിച്ചത്. ഇന്നലെ നടന്ന ലേലത്തിൽ ബേസിൽ തമ്പിയെ മുംബയ് ഇന്ത്യൻസ് സ്വന്തമാക്കിയപ്പോൾ കെ എം ആസിഫിനെ ചെന്നൈ സൂപ്പർ കിംഗ്സും സ്വന്തമാക്കി. കഴിഞ്ഞ സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമായിരുന്നു ആസിഫ്.
അതേ സമയം ഇന്ന് നടന്ന ലേലത്തിൽ വിഷ്ണു വിനോദിനെ 50 ലക്ഷം രൂപയ്ക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. 20 ലക്ഷം അടിസ്ഥാന വിലയുമായി എത്തിയ വിഷ്ണു വിനോദിനെ മുംബയ് ഇന്ത്യൻസ് കൂടി കണ്ണുവച്ചതോടെയാണ് 50 ലക്ഷം വരെ എത്തിയത്.
ലേലത്തിൽ ഏറ്റവും കൂടുതൽ വില സ്വന്തമാക്കിയ ഇഷാൻ കിഷന് ബാക്ക്അപ്പ് ആയാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ വിഷ്ണു വിനോദിനെ മുംബയ് ഇന്ത്യൻസ് നോട്ടമിട്ടത്. മുംബയ്ക്ക് നിലവിലെ അവസ്ഥയിൽ ഇഷാൻ കിഷൻ മാത്രമാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന റോളിൽ ഉള്ളത്. സമാന അവസ്ഥയിൽ തന്നെയായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദും. 10.75 കോടി മുടക്കി സ്വന്തമാക്കിയ വെസ്റ്റിൻഡീസ് താരം നിക്കോളാസ് പൂരാന് പകരമായാണ് വിഷ്ണു വിനോദ് ഹൈദരാബാദ് ടീമിലെത്തുന്നത്.
വിഷ്ണുവിനെ സംബന്ധിച്ച് ഇത്തവണത്തെ ഐ പി എൽ തന്റെ കരിയറിലെ ടേണിംഗ് പോയിന്റ് ആകാനാണ് സാദ്ധ്യത. കുറച്ചു നാളുകളായി വളരെ മോശം ഫോമിൽ കളിക്കുന്ന പൂരാന് ഐ പി എല്ലിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ വിഷ്ണുവിന് അവസരം നൽകാൻ ഹൈദരാബാദ് മാനേജ്മെന്റ് മടിച്ചേക്കില്ല. മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും കേരളത്തിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത വിഷ്ണുവിന്റെ ബാറ്റിംഗ് ശൈലി ടി ട്വന്റി ക്രിക്കറ്റിന് യോജിച്ച രീതിയിലുള്ളതാണ്.
അതേസമയം മലയാളികൾ ഏറെ കാത്തിരുന്ന ശ്രീശാന്തിന്റെ പേര് ലേലത്തിൽ ഉയർന്നു വന്നതു പോലുമില്ല. ലേലത്തിന്റെ അവസാനം അക്സിലറേറ്റഡ് ലിസ്റ്റിലായിരുന്നു ശ്രീശാന്തിന്റെ പേര്. ഏതെങ്കിലും ടീം താരത്തെ വിളിക്കാൻ താത്പര്യമുണ്ടെന്ന കാണിച്ച് പേര് നൽകിയാൽ മാത്രമേ അദ്ദേഹത്തെ വിളിക്കുക പോലുമുണ്ടായിരുന്നുള്ളു. എന്നാൽ ടീമുകൾ ഒന്നും പേര് നൽകാത്തതിനാൽ ശ്രീശാന്തിനെ വിളിക്കുക പോലും ചെയ്തിരുന്നില്ല.