srhardware

കണ്ണൂർ: സ്വന്തം ജീവനക്കാരെ കൊണ്ട് കയറ്റിറക്കു നടത്താൻ ഹൈക്കോടതി അനുമതി നൽകിയ മാതമംഗലത്തെ എസ്. ആർ. ഹാർഡ് വേർ അടച്ചുപൂട്ടി. സി.ഐ.ടി.യുക്കാരായ ചുമട്ടുതൊഴിലാളികൾ അനിശ്ചിതകാല സമരം തുടങ്ങിയതോടെയാണ് കട പൂട്ടിയതെന്ന് ഉടമ റബീൽ മുഹമ്മദ് കുട്ടി പറഞ്ഞു.

അതേസമയം,​ കടപൂട്ടിയത് പഞ്ചായത്ത് ലൈസൻസ് പുതുക്കാത്തതുമായി ബന്ധപ്പെട്ടാണെന്നും തൊഴിൽ തർക്കമല്ലെന്നുമാണ് തൊഴിൽമന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം.

കയറ്റിയിറക്ക് പ്രശ്നത്തിൽ തനിക്ക് മർദ്ദനമേറ്റെന്ന് റബിൽ മുഹമ്മദ് കുട്ടി ആരോപിച്ചു. കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരെ സി.ഐ.ടി.യുക്കാർ തിരിച്ചയയ്‌ക്കുകയാണ്. പൊലീസ് ഉണ്ടെങ്കിലും കാഴ്ച്ചക്കാരായി നിൽക്കുകയാണ്. ഒരുതരത്തിലും കച്ചവടം നടക്കില്ലെന്നു തോന്നിയതിനാലാണ് പൂട്ടിയതെന്നും റബീൽ വ്യക്തമാക്കി.
നേരത്തെ ഇവിടെ സാധനങ്ങൾ വാങ്ങാനെത്തുന്നവരെ സി. ഐ.ടി.യുക്കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ടായിരുന്നു. ഈ കടയിൽ നിന്ന് വിലക്ക് ലംഘിച്ച് സാധനങ്ങൾ വാങ്ങിയതിന് യൂത്ത് ലീഗ്പ്രവർത്തകൻ അഫ്സലിനെതിരെ അക്രമം നടന്നിരുന്നു. തുടർന്ന് മാതമംഗലത്ത് പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകർക്ക് മർദ്ദനവുമേറ്റു.

മാതമംഗലത്ത് അഫ്സലിന്റെ ഉടമസ്ഥതയിലുള്ള എ.ജെ സെക്യൂർ ടെക് ഐ.ടി സൊല്യൂഷൻസ് എന്ന കട സംഘർഷത്തെ തുടർന്ന് നേരത്തേ പൂട്ടിയിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നൽകാൻ തയ്യാറല്ലെന്നും അഫ്സൽ സോഷ്യൽമീഡിയയിലൂടെ ആരോപിച്ചതിന് പിന്നാലെയാണ് എസ്. ആർ ഹാർഡ്‌വെയറും പൂട്ടിയത്.

ആരെയും പൂട്ടിച്ചിട്ടില്ല;സി.ഐ.ടിയു
ആരുടെയും തൊഴിൽസ്ഥാപനം പൂട്ടിക്കുക തങ്ങളുടെ നയമല്ലെന്ന് സി.ഐ.ടി.യു പ്രാദേശിക നേതൃത്വം പ്രതികരിച്ചു. തൊഴിൽ നിഷേധത്തിനെതിരെ സമരം ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ.