tree

ലോസ്ആഞ്ചലസ്: മഞ്ഞുപെയ്യുന്ന ക്രിസ്മസ് രാവുകളിൽ ഒരുക്കുന്ന മനോഹരമായ ക്രിസ്മസ് ട്രീകൾ ഇഷ്ടമല്ലാത്തവരായി ആരും കാണില്ല. വിവിധ വർണങ്ങളിലെ ബൾബുകളും ബോളുകളും അലങ്കാര വസ്തുക്കളും നിറഞ്ഞ ക്രിസ്മസ് ട്രീകൾ ഇതുവരെ അഴിച്ചുമാറ്റിയില്ലേ ? എങ്കിലിതാ ഒരു പുത്തൻ ട്രെൻഡ് പരിചയപ്പെടുത്താം.

വാലന്റൈൻസ് ഡേ ട്രീയാണത്. ഇത്തരമൊരു സമ്പ്രദായം വാലന്റൈൻസ് ഡേയ്ക്ക് ഇല്ലല്ലോ എന്നാകും പലരും ആലോചിക്കുക. ശരിയാണ്; ഈ അടുത്തിടെ സോഷ്യൽ മീഡിയയിലൂടെയാണ് വാലന്റൈൻസ് ഡേ ട്രീ ട്രെൻഡിന് തുടക്കംകുറിച്ചത്.

കാഴ്ചയിൽ വളരെ സൗന്ദര്യാത്മകമായ ഒന്നാണ് വാലന്റൈൻസ് ഡേ ട്രീ. വീടുകളിൽ ഉപയോഗിക്കുന്ന ക്രിസ്മസ് ട്രീകളിൽ മേക്കോവർ വരുത്തിയാണ് വാലന്റൈൻസ് ഡേയ്ക്കായി ഒരുക്കുന്നത്. ബ്ലഷ് പിങ്ക്, വെള്ള ഷേഡുകളാണ് വാലന്റൈൻസ് ക്രിസ്മസ് ട്രീയുടെ പ്രധാന നിറങ്ങൾ. ഹാർട്ട് ഷേപ്പിലുള്ള അലങ്കാരങ്ങൾ, റോസാപ്പൂക്കൾ, ചുവപ്പ് നിറത്തിലെ വസ്തുക്കൾ തുടങ്ങിയ കാഴ്ചയിൽ പ്രണയത്തിന്റെ പ്രതീകമായി തോന്നിക്കുന്നവ കൊണ്ടാണ് അലങ്കാരപ്പണികൾ പൂർത്തിയാക്കുന്നത്.

ആരാണ് ഈ ട്രെൻഡ് തുടങ്ങിയതെന്ന് വ്യക്തമല്ല. കൊവിഡ് ലോക്ക്‌ഡൗണുകൾ വ്യാപകമായതോടെ കഴിഞ്ഞ വർഷമൊക്കെ നിരവധി പേർ ഇത്തരം ട്രീകൾ തയാറാക്കി അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. യു.എസിലാണ് വാലന്റൈൻസ് ട്രീ ട്രെൻഡ് വ്യാപകമാകുന്നത്.