mala

പാലക്കാട്: 45 മണിക്കൂറോളം നീണ്ട പ്രയത്നം വഴി ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ നിന്നും ബാബുവിനെ രക്ഷിച്ചതിന് പിന്നാലെ മലയിൽ വീണ്ടും ആളുകൾ കയറിപറ്റിയതായി സൂചന. ഒന്നിലധികം പേർ മലയിൽ കയറിയതായാണ് സൂചനയെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. അടിയന്തരമായി ഇടപെടാൻ ജില്ലാ കളക്‌ടറോട് നി‌ർദ്ദേശിച്ചതായി റവന്യുമന്ത്രി കെ.രാജൻ അറിയിച്ചു. മലമുകളിൽ ഫ്ളാഷ് ലൈറ്റുകൾ കണ്ടതോടെ വനംവകുപ്പ് സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

നിരോധിത വനമേഖലയായ ഇവിടെ എത്തിയ ആളുകൾ കുടുങ്ങിയതാണെന്ന് സംശയിക്കുന്നു. ഇവരെ തിരികെയെത്തിക്കാനാണ് ശ്രമം. മൂന്ന് കൂട്ടുകാർക്കൊപ്പം ചെറാട് മല കയറിയ ബാബുവിനെ സൈന്യം എത്തിയാണ് രക്ഷിക്കാനായത്. മലയിൽ വച്ച് പരിക്കേറ്റ ബാബു ചികിത്സയ്‌ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് മലയിൽ വീണ്ടും ജനസാന്നിദ്ധ്യം കണ്ടത്.

ഏകദേശം മുക്കാൽ കോടിയോളം രൂപയാണ് ബാബുവിന്റെ രക്ഷാപ്രവർത്തനത്തിന് വേണ്ടിവന്നത്. ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പ്രാഥമിക കണക്ക് മാത്രമാണിത്. നാട്ടുകാരും, ദുരന്ത നിവാരണ അതോറിറ്റിയും പൊലീസും അഗ്നിരക്ഷാസേനയും സൈന്യത്തോടൊപ്പം ചേർന്നാണ് ബാബുവിനെ രക്ഷിച്ചത്.