1

ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ലോകത്തെ പരിചയപ്പെടുത്തുന്നതിൽ നടരാജഗുരു വഹിച്ച പങ്ക് വളരെ വലുതായിരുന്നു. നടരാജഗുരുവിന്റെ ഗഹനമായ രചനകളും വ്യാഖ്യാനങ്ങളും സാധാരണക്കാരായ മലയാളികളെ സംബന്ധിച്ചിടത്തോളം അത്ര ലളിതമായ ഒന്നായിരുന്നില്ലെങ്കിലും ഗുരുവിനെ കണ്ടെത്താൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് വഴിയൊരുക്കിയത് നടരാജ ഗുരുതന്നെയായിരുന്നു. ശ്രീനാരായണ ഗുരു സമാധിയായിട്ട് ഒരു നൂറ്റാണ്ടോടടുക്കുന്ന ഈ കാലത്ത് ഗുരുവിന്റെ ദർശനങ്ങളും ആശയങ്ങളും കൂടുതൽ പ്രസക്തമാവുകയാണ്.

വേദാന്തികൾ പലരും ആത്മീയതയെക്കുറിച്ചു മാത്രം ചിന്തിച്ചപ്പോൾ ഗുരു ഭൗതികതയിലും ആത്മീയതയിലും ഊന്നിയ പാത വെട്ടിത്തെളിച്ചു. അനാചാരങ്ങളുടെ അന്ധകാരത്തിൽ നിന്ന് മനുഷ്യന് സ്നേഹത്തിന്റെ പ്രകാശം ചൊരിഞ്ഞു. നടരാജഗുരുവിന്റെയും നിത്യചൈതന്യ യതിയുടെയും ശിഷ്യനും ശ്രേഷ്ഠസന്യാസിയുമായ മുനി നാരായണ പ്രസാദ് സ്വാമിയും നാരായണ ഗുരുകുലവും ശിവഗിരിമഠവും അവിടുത്തെ സന്യാസിവര്യന്മാരും ഗുരുസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ സജീവശ്രദ്ധ പുലർത്തുന്നുണ്ട്. അത്തരം ശ്രമങ്ങൾക്ക് സന്തോഷം പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ ഇറ്റലിയിൽ നിന്നും വരുന്നത്. ഗുരുവിന്റെ ആത്മോപദേശശതകം ഇറ്റാലിയൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ഡോ.സബ്രീന ലേയ് ഗുരുവിന്റെ ജീവചരിത്രം എഴുതുന്നു. ഒരു വർഷത്തിനകം ഇറ്റാലിയൻ ഭാഷയിൽ ഗുരുവിന്റെ ജീവചരിത്രം വായിക്കാൻ കഴിയുമെന്ന് റോമിൽ നിന്നുള്ളടെലഫോൺ സംഭാഷണത്തിൽ സബ്രീന പറഞ്ഞു. ഗുരുവിന്റെ ദർശനമാലയും ഒപ്പം പരിഭാഷപ്പെടുത്തുന്നുണ്ട്.

" ജീവചരിത്രം മാത്രമല്ല ,ഗുരുവിന്റെ ദർശനങ്ങളെക്കുറിച്ചും നവോത്ഥാന വീക്ഷണങ്ങളെക്കുറിച്ചും സാധാരണ മനുഷ്യർക്കുപോലും ഗ്രഹിക്കാൻ കഴിയും വിധം ഗുരു മുന്നോട്ടുവച്ച ആശയങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളുമെല്ലാം ഈ ഗ്രന്ഥത്തിലുണ്ടാകും ".ഖുറാനും ഭഗവദ്ഗീതയും ഇറ്റാലിയനിലേക്ക് മൊഴിമാറ്റിയ സബ്രീന ഗുരുവിനെക്കുറിച്ച് കൂടുതൽ അറിയുന്നത് ഭർത്താവും മലയാളിയും തലശേരി സ്വദേശിയുമായ ഡോ.അബ്ദുൾ ലത്തീഫിലൂടെയാണ്. പ്രഭാഷകനും എഴുത്തുകാരനുമായ ലത്തീഫ് റോമിൽ വച്ചാണ് പഠനസംബന്ധിയായ ഒരു ഒത്തുചേരലിൽ സബ്രീനയെ കണ്ടുമുട്ടിയത്.

കാളിദാസന്റെ ശാകുന്തളവും സി.രാജഗോപാലാചാരിയുടെ മഹാഭാരതസംക്ഷിപ്തവും ഇറ്റാലിയനിലേക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമവും സബ്രീന ആരംഭിച്ചിട്ടുണ്ട്. റോമിനടുത്തുള്ള ലാറ്റിനയിൽ ജനിച്ച സബ്രീനയ്ക്ക് ബാല്യം മുതൽക്കെ തത്വചിന്താപരമായ ഗ്രന്ഥങ്ങളിൽ താത്‌പര്യം തോന്നുകയും ആ വായന കാലാന്തരത്തിൽ വലിയ പഠനങ്ങളിലേക്ക് അവരെ കൊണ്ടെത്തിക്കുകയുമായിരുന്നു. ടാഗോറിന്റെ ഗീതാഞ്ജലിയും ഗാന്ധിജിയുടെ ആത്മകഥയുമാണ് സബ്രീനയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യൻ കൃതികൾ. തത്വചിന്തയുമായി ബന്ധപ്പെട്ട പൗരാണിക ഗ്രീക്ക് ഗ്രന്ഥങ്ങളും സബ്രീന ഇറ്റാലിയൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഡോക്ടറേറ്റ് എടുത്തതും ഗ്രീക്ക് തത്വശാസ്ത്ര ഗവേഷണത്തിലായിരുന്നു. ഗൗരവമാർന്ന ഈ പ്രവർത്തനങ്ങൾക്കിടയിൽ മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റിന്റെ കാൻസർ വാർഡിലെ ചിരി ഇറ്റാലിയൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താനും സബ്രീന സമയം കണ്ടെത്തി.

ഭർത്താവ് എന്നതിലുപരി സബ്രീനയുടെ സുഹൃത്തും പഠന ഗവേഷണങ്ങളിലെ വഴികാട്ടിയുമാണ് ലത്തീഫ്. ഇസ്ളാമിക ദർശനങ്ങളിലും ഭാരതീയ തത്വചിന്തയിലും പാണ്ഡിത്യമുള്ള ലത്തീഫ് സർവകലാശാല വിദ്യാർത്ഥികൾക്കായി ക്ളാസെടുക്കുന്നുണ്ട്. സാംസ്കാരിക വിനിമയവും മതസൗഹാർദ്ദവും ലക്ഷ്യമിടുന്ന തവാസുൽ യൂറോപ്പ് സെന്റർ ഫോർ ഡയലോഗ് ആൻഡ് റിസർച്ച് എന്ന സ്ഥാപനം ലത്തീഫും സബ്രീനയും ചേർന്ന് സ്ഥാപിച്ചതാണ്. റോമിലാണ് ഇതിന്റെ ആസ്ഥാനം. മൊഴിമാറ്റങ്ങളടക്കം സബ്രീനയുടെ നാല്പതോളം രചനകൾ തവാസുൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഖ്യാത ഇസ്ളാമിക പണ്ഡിതനായ അബ്ദുല്ല യൂസഫലിയുടെ ഖുറാൻ ഇംഗ്ളീഷ് വ്യാഖ്യാനത്തിന്റെ പു:നരാവിഷ്ക്കാരവും ഇറ്റാലിയൻ ഭാഷയിലേക്കുള്ള പരിഭാഷയും സബ്രീനയ്ക്ക് വലിയ അംഗീകാരം നേടിക്കൊടുത്തിരുന്നു. " മതങ്ങളെല്ലാം മാനവരാശിയുടെ പുരോഗതിയും ഒരുമയുമാണ് ഉയർത്തിക്കാട്ടുന്നത്. ഇന്നത്തെ സങ്കീർ‌ണമായ പ്രശ്നങ്ങളെല്ലാം ഡയലോഗിലൂടെ പരിഹരിക്കാൻ കഴിയുന്നതാണെന്ന് " സബ്രീന പറയുന്നു.അതിനു തന്റേതായ സംഭാവനകൾ നൽകാനാണ് ശ്രമിക്കുന്നതെന്നും അവർ വ്യക്തമാക്കി. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ കാലാതിവർത്തിയാണ്. അതിന്റെ ശക്തിയും അർത്ഥവ്യാപ്തിയും ലോകം തിരിച്ചറിയണം. ലോകത്തിന് ഇന്നേറ്റവും ആവശ്യം ഗുരുവിന്റെ ചിന്തകളാണ്. ഗുരുവിനെ ആഴത്തിൽ പഠിക്കാനാണ് താൻ ശ്രമിക്കുന്നത്-സബ്രീന തുടർന്നു പറഞ്ഞു.

കൊവിഡ് സാഹചര്യത്താൽ ആത്മോപദേശ ശതകത്തിന്റെ ഇറ്റാലിയൻ പതിപ്പിന്റെ പ്രകാശന വേളയിൽ സബ്രീനയ്ക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. കഴി‌ഞ്ഞ ശിവഗിരി തീർത്ഥാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് സബ്രീനയുടെ പുസ്തകം പ്രകാശനം ചെയ്തത്.

സബ്രീനയുടെ മാതാപിതാക്കൾക്കൊപ്പം ലാറ്റിനയിലാണ് ലത്തീഫും സബ്രീനയും ഇപ്പോൾ താമസിക്കുന്നത്. കൊവിഡ് സാഹചര്യങ്ങൾ മാറിയാൽ അവർ കേരളം സന്ദർശിക്കാനെത്തും.

സബ്രീനയുടെ സംഭാവനകൾ ഗുരുവിന്റെ സന്ദേശപ്രചാരണത്തിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പ്രശസ്ത പത്രപ്രവർത്തകനായ ബി.ആർ.പി.ഭാസ്ക്കർ പറഞ്ഞു. അവർ ഗുരുവിനെക്കുറിച്ച് എഴുതുന്ന ജീവചരിത്രം ഇംഗ്ളീഷിലും മൊഴിമാറ്റം ചെയ്യണം. ഗുരുവിന്റെ ദർശനം ഇന്ന് ലോകത്തിന് കൂടുതൽ വേണ്ടിയിരിക്കുന്നു. ഭാസ്ക്കർ വിശദീകരിച്ചു.

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രവർത്തനങ്ങളിൽ സബ്രീനയെപ്പോലുള്ള ചിന്തകരെയും സഹകരിപ്പിക്കുന്നത് ഗുണകരമായിരിക്കും.അതിന്റെ സാരഥികൾ അതിനായി ശ്രമിക്കണം..