kurumbachi

പാലക്കാട് : കുറുമ്പാച്ചി മലയിൽ വീണ്ടും ആളുകൾ കയറിയെന്ന സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരാളെ കണ്ടെത്തി. നാട്ടുകാരനായ രാധാകൃഷ്‌ണനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിനൊടുവിൽ മലമുകളിൽ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ മലമുകളിൽ ഫ്ളാഷ് ലൈറ്റുകൾ മിന്നി മറയുന്നത് കണ്ട നാട്ടുകാരാണ് വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചത്.

ഒന്നിലധികം ലൈറ്റുകൾ മിന്നിയെങ്കിലും ഒരാളെ മാത്രമാണ് കിട്ടിയത്. രാത്രി പന്ത്രണ്ട് മണിയോടെയാണ് രാധാകൃഷ്‌ണനെ വനംവകുപ്പ് ജീവനക്കാർ കണ്ടെത്തിയത്. അവശനായ ഇദ്ദേഹത്തെ സുരക്ഷിതമായി താഴെയെത്തിച്ച ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

​ഫെബ്രുവരി ഒമ്പതിനാണ് നിരോധിത വനമേഖലയായ കുറുമ്പാച്ചി മലയിൽ പാലക്കാട് സ്വദേശിയായ ബാബു കുടുങ്ങിയത്. മൂന്ന് കൂട്ടുകാർക്കൊപ്പം ചെറാട് മല കയറിയ ബാബുവിനെ സൈന്യം എത്തിയാണ് രക്ഷിച്ചത്. 45 മണിക്കൂറോളം ഭക്ഷണവും വെള്ളവും കിട്ടാതെയാണ് ബാബു മലമുകളിൽ കഴിച്ചു കൂട്ടിയത്.

അതേസമയം,​ അനുവാദമില്ലാതെ മല കയറിയാൽ നടപടിയുണ്ടാകുമെന്ന് വനം മന്ത്രി ശശീന്ദ്രൻ അറിയിച്ചു. ബാബു നിയമലംഘനം നടത്തിയെങ്കിലും താൽക്കാലിക ഇളവ് നൽകിയതാണ്. അതു മറയാക്കി മല കയറാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.