shaji

കോഴിക്കോട്: പ്ളസ് ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം.ഷാജിയെ ഇ ഡി ചോദ്യം ചെയ്യുന്നു. കോഴക്കേസിൽ ഇത് രണ്ടാം തവണയാണ് ഷാജി ചോദ്യം ചെയ്യലിന് വിധേയനാവുന്നത്. കോഴയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വ്യക്തമാകുന്നതിനാണ് ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയതെന്നാണ് ഇ ഡി പറയുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സും ഷാജിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

2014-ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തിൽ ഇത് വ്യക്തമായെന്ന് വിജിലൻസ് എഫ്ഐആർ നല്‍കിയിരുന്നു. സ്കൂളിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നും ഇക്കാര്യം വ്യക്തമായെന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ഷാജിയുടെ തുടക്കത്തിലേ ഉളള നിലപാട്.