
കോട്ടയം: വാലന്റൈൻസ് ദിനത്തിൽ യുവതീയുവാക്കൾക്ക് കൈമാറാൻ വിപണിയിൽ സമ്മാനങ്ങൾ നിരവധി. ടെഡി ബിയറുകൾ, ഹാർട്ട് മോഡൽ, ഫോട്ടോ ഫ്രെയിം മുതൽ പലതരത്തിലുള്ള സമ്മാനങ്ങളാണ് ഗിഫ്റ്റ് ഷോപ്പുകളിൽ എത്തിയിരിക്കുന്നത്. ആരെയും ആകർഷിക്കുന്ന തരത്തിൽ ഗിഫ്റ്റ് ഷോപ്പുകളുടെ മുൻവശം പ്രണയത്തിന്റെ നിറമായ ചുവപ്പു കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്. സോഷ്യൽ മീഡിയാകൾ പോസ്റ്റുകളും ആനിമേറ്റഡ് സ്റ്റിക്കറുകളും സ്‌മൈലികളും ഒപ്പം രസകരമായ ട്രോളുകളും കൊണ്ട് നിറഞ്ഞു.
ചുവപ്പ് നിറത്തിലുള്ളതും വിവിധ വലുപ്പത്തിലുമുള്ള ടെഡി ബിയറുകളും ഹാർട്ടുകളുമാണ് വാലന്റൈൻസ് ഡേയുടെ ഹൈലൈറ്റ് . 40 രൂപ മുതൽ 290 രൂപ വരെയുള്ള ഹാർട്ട് മോഡലും 80 രൂപ മുതലുള്ള ടെഡികളും വിപണിയിലുണ്ട്. നഗര-ഗ്രാമ വ്യത്യാസങ്ങളില്ലാതെ ഗിഫ്റ്റ് ഷോപ്പുകൾ, വസ്ത്രവ്യാപാര സ്ഥാപനങ്ങൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലെല്ലാം റെഡ് ടെഡികളും ഹാർട്ടുകളും എത്തിയിട്ടുണ്ട്. വസ്ത്രശാലകൾ ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ മാത്രമായി ഡിസ്‌പ്ലേ ചെയ്തിരിക്കുന്നു. മാളുകളിലും റെസ്‌റ്റോറന്റുകളിലും കാമുകീ കാമുകൻമാർക്കായി പ്രത്യേക കോർണറും ഒരുക്കിയിട്ടുണ്ട്. ബേക്കറികളിലും ബസാറുകളിലും ചോക്‌ളേറ്റുകൾ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ കാർഡുകൾ, കപ്പ് ഫോട്ടോ, ഫോട്ടോ ഫ്രെയിം, ഗ്ലാസ് ഗിഫ്റ്റുകൾ, കീചെയിൻ തുടങ്ങിയവയ്ക്കായിരുന്നു ഡിമാൻഡ്.