
വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഹൃദയം പ്രേക്ഷകരുടെ ഹൃദയം കീഴടക്കി തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ വിജയത്തിൽ വലിയൊരു പങ്ക് പാട്ടുകൾക്കുള്ളതാണ്. ഹിഷാം അബ്‌ദുൾ വഹാബാണ് 'ഹൃദയ"ത്തിലെ ഗാനങ്ങൾ അണിയിച്ചൊരുക്കിയത്. മറ്റൊരു പ്രത്യേകത കൂടി ചിത്രത്തിലുണ്ട്. ശബ്ദസാന്നിദ്ധ്യമായി ഹിഷാമിന്റെ ഭാര്യ ആയിഷയും ഹൃദയത്തിലുണ്ട്. കൗമുദി മൂവീസിന്റെ പുതിയ എപ്പിസോഡിൽ വിശേഷങ്ങൾ പങ്കിടുകയാണ് ഹിഷാമും ഭാര്യയും ആയിഷയും.
'മനസേ എന്നു തുടങ്ങുന്ന പാട്ടിന് മുന്നേ കേൾക്കുന്ന ട്രെയിൻ അനൗൺസ്‌മെന്റ് ശബ്ദം ആയിഷയുടേതാണ്. യാദൃശ്ചികമായിട്ടാണ് ആയിഷ ഇതിലേക്ക് എത്തുന്നത്. വിനീതേട്ടൻ വിളിച്ചപ്പോൾ പാട്ടിന് മുന്നേ ഒരു കമന്ററി വേണം, ഫീമെയിൽ വോയ്സ് വേണം എന്നു പറഞ്ഞു. അങ്ങനെയാണ് ആയിഷയെ കൊണ്ട് ഒന്ന് ട്രൈ ചെയ്യിപ്പിച്ച് നോക്കിയത്.
അതിന് കുറച്ച് റിസർച്ചൊക്കെ നടത്തി. സംഭവം കേട്ടപ്പോൾ കൊള്ളാമെന്ന് തോന്നി. അങ്ങനെയാണ് ഉൾപ്പെടുത്തിയത്. ചിത്രം കണ്ടിറങ്ങിയവരെല്ലാം 15 പാട്ടുകളും കഥയ്‌ക്ക് ആവശ്യമായിരുന്നുവെന്നാണ് പറഞ്ഞത്. മ്യൂസിക് സെൻസുള്ള സംവിധായകനൊപ്പം വർക്ക് ചെയ്തതുകൊണ്ടാണ് ഇത്രയും ഈസിയായി ചെയ്യാൻ പറ്റിയത്." ഹിഷാം പറയുന്നു.
'പാട്ടെല്ലാം ആദ്യം കേൾക്കുന്ന ആള് ഞാനാണ്. ദർശന കേട്ടപ്പോൾ തന്നെ സംഗതി ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു. പിന്നെ നമ്മളല്ലല്ലോ ഇതൊന്നും തീരുമാനിക്കുന്നത്. ആൾക്കാർ അല്ലേ ഹിറ്റാക്കേണ്ടത്. എന്തായാലും വിചാരിച്ചതിലും ഹിറ്റായി പാട്ടുകൾ. ദർശന പാട്ടിറങ്ങിയപ്പോൾ പ്രതീക്ഷിക്കാത്ത റെസ്പോൺസാണ് കിട്ടിയത്. തീയേറ്ററിൽ കണ്ടപ്പോൾ കോരിത്തരിപ്പായിരുന്നു. പാട്ട് പാടാൻ ഞാൻ ഇക്കയോട് അവസരം ചോദിക്കാറുണ്ട്. കോറസ് തരുമോയെന്നാണ് ചോദിക്കാറ്. "- ആയിഷ പറഞ്ഞു.