number-18-hotel-

കൊച്ചി: ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ പീഡനപരാതിയിൽ ഹോട്ടലുടമ റോയ് വയലാട്ടിനും അഞ്ജലി റീമ ദേവിനുമെതിരെ ശക്തമായ തെളിവുണ്ടെന്ന് കൊച്ചി ഡിസിപി വി യു കുര്യാക്കോസ്. റോയ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാത്തതിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം നല്ല രീതിയിൽ തന്നെയാണ് മുന്നോട്ടു പോവുന്നത്. ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരാണ് പരാതി നൽകിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് റോയിക്കും അഞ്ജലിക്കുമെതിരെ ശാസ്ത്രീയ തെളിവുകൾ ഉൾപ്പടെ ശേഖരിച്ചതെന്ന് ഡിസിപി പറഞ്ഞു.

അതേസമയം, ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റീമ ദേവ് ആരോപിച്ചിരുന്നു. കേസിൽ തന്നെ കുടുക്കുകയായിരുന്നെന്നും പരാതി വ്യാജമാണെന്നും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ അഞ്ജലി പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽ വച്ച് ഹോട്ടലുടമയായ റോയ് വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് കോഴിക്കോട് സ്വദേശികളായ അമ്മയും മകളും പരാതി നൽകിയിരുന്നു. ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ മൂന്നാം പ്രതിയാണ് അഞ്ജലി. കേസിൽ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനും പ്രതിയാണ്. മോഡലുകളുടെ മരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. പരാതി നൽകിയാൽ പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പരാതി പുറത്തുവന്നതിന് പിന്നാലെ മോഡലുകളുടെ മരണത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അൻസി കബീറിന്റെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഈ ആവശ്യം എതിർക്കില്ലെന്നും പൊലീസ് അറിയിച്ചു. മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം ഈ ആഴ്ച സമർപ്പിക്കും. റോയ് ജെ വയലാട്ട്, സൈജു തങ്കച്ചൻ ഉൾപ്പടെ എട്ട് പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.