
കൈക്കൂലി വാങ്ങുന്നതിൽ രമേശന് പ്രത്യേക സാമർത്ഥ്യമാണെന്ന് സഹപ്രവർത്തകർ പറയാറുണ്ട്.കാര്യം നടത്തിക്കൊടുത്താൽ എത്ര തരണമെന്ന് ഒരു വളച്ചുകെട്ടുമില്ലാതെ മുഖത്തുനോക്കി പറയും. പലരും ഉള്ളിൽ ശപിച്ചുകൊണ്ടും പുറമേ ചിരിച്ചു കൊണ്ടും കൈക്കൂലി നൽകും. രണ്ടു ദശാബ്ദമായി തുടരുന്നുവെങ്കിലും ഇതുവരെ ഒരു ആരോപണവും ഉയർന്നിട്ടില്ല. അച്ഛൻ മരിച്ചതിനെത്തുടർന്ന് കിട്ടിയ ജോലിയാണ്. പിതാവ് അനർഹമായി ഒരു രൂപപോലും സമ്പാദിക്കാത്ത സ്വഭാവക്കാരൻ. അദ്ദേഹത്തിന്റെ സൽപ്പേര് മുടിക്കാൻ പിറന്ന പുത്രനെന്ന് നാട്ടുകാർ അടക്കം പറയാറുണ്ട്.
കൈക്കൂലി വാങ്ങി വാങ്ങി രമേശന്റെ കൈ തഴമ്പിച്ചെന്ന് സഹപ്രവർത്തകരിൽ ചിലർ കളിയാക്കും. സ്വന്തമായി രണ്ടു വീടുണ്ട്. പക്ഷേ വാടകവീട്ടിലാണ് താമസം. ഭാര്യയ്ക്കും മക്കൾക്കും എന്നും രോഗദുരിതങ്ങൾ തന്നെ. അനർഹമായി കിട്ടുന്ന പണത്തിൽ നല്ലൊരുപങ്കും ആശുപത്രികൾക്കും സ്പെഷ്യലിസ്റ്റ്ഡോക്ടർമാർക്കും പോകും. അദ്ധ്വാനിക്കാതെ കിട്ടിയ പണിയല്ലേ. എഴുത്തുപരീക്ഷകളും ഇന്റർവ്യൂവും ഒന്നും അഭിമുഖീകരിച്ചിട്ടില്ല. കഷ്ടപ്പെടാതെ ഇത്തരത്തിൽ ജോലി കിട്ടുന്ന പലരും വിചിത്രസ്വഭാവക്കാരായിരിക്കും. കൈക്കൂലിപ്പാപം വിജിലൻസ് തന്നെ പൂട്ടണമെന്നില്ല. ചിലപ്പോൾ എവിടെയെങ്കിലും വച്ച് ദൈവം ഒരു പൂട്ടുപൂട്ടും. സഹപ്രവർത്തകനായ ശങ്കരൻ ഒരിക്കൽ പാതി തമാശയായി പറഞ്ഞപ്പോൾ രമേശന് കോപം വന്നു. കേട്ടുനിന്നവരിൽ പലരും പരിഹാസഭാവത്തിലായിരുന്നു. തന്റെ ഉയർച്ചയിലും സമ്പാദ്യത്തിലുമുള്ള അസൂയയാണെന്ന് രമേശൻ തുറന്നടിച്ചു. പുറമേ ധൈര്യം കാട്ടിയെങ്കിലും മനസ് പതറിപ്പോയി. ഭാര്യയോട് കാര്യം പറഞ്ഞപ്പോൾ ഒരു കർമ്മത്തിന് രണ്ട് കൂലിവാങ്ങുന്നത് ദൈവനിന്ദയാണെന്ന് അവരും കളിയാക്കി. ഈ മഹാപാപം നിറുത്തിയാൽ തന്നെ കുടുംബത്തിലെ അസ്വസ്ഥതകൾ തീരുമെന്നും ഭാര്യയുടെ വിലയിരുത്തൽ. അന്നു രാത്രി രമേശന് ഉറക്കം വന്നില്ല. കൈക്കൂലിക്കൊപ്പം ഒരാൾ തന്ന ആത്മീയ പുസ്തകമെടുത്ത് വായിക്കാൻ തുടങ്ങി.
പ്രൊഫ. ജി. ജി നാർക്കെയോട് ഒരിക്കൽ ബാബ 15 രൂപ ദക്ഷിണ ചോദിച്ചു. അയാളുടെ പക്കൽ ഒരു രൂപ പോലുമുണ്ടായിരുന്നില്ല. നിന്റെ കൈയിൽ പണമില്ലെന്നറിയാം. നീ 'യോഗവാസിഷ്ഠം" വായിക്കുന്നില്ലേ, അതിൽ നിന്ന് ദക്ഷിണ തന്നാൽ മതി എന്നായി ബാബ. കാരണം ഏറ്റവും വലിയ ദക്ഷിണയും സമ്പാദ്യവും അറിവാണ്. ആ വരികൾ ഒരു മിന്നലായി രമേശന്റെ മനസിൽ കടന്നു.
അടുത്തദിവസം രാവിലെ കൂടെ പഠിച്ച ദിവാകരനെയാണ് കണി കണ്ടത്. രമേശന്റെ അല്പം അകലെയുള്ള വാഴത്തോട്ടത്തിലെ ഒരു ഏത്തവാഴക്കുല മുറിഞ്ഞു കൊണ്ടുവന്ന് മുറ്റത്ത് വച്ചിരിക്കുന്നു. ഒന്നുരണ്ടു കായപഴുത്തിട്ടുണ്ട്. വഴിയേ പോയപ്പോൾ കണ്ടതാണത്രേ. രമേശന്റെ പറമ്പിലേതായതുകൊണ്ട് സ്വാതന്ത്ര്യത്തോടെ മുറിച്ചുകൊണ്ടുവന്നു. കൂലിവേലക്കാരനായ ദിവാകരൻ അവശനാണ്. മുഷിഞ്ഞ വേഷം. എങ്കിലും മുഷിയാത്ത മുഖഭാവവും സ്നേഹം കലർന്ന പുഞ്ചിരിയും. രമേശൻ അകത്തു പോയി ചായകുടിക്കാനുള്ള പൈസയുമെടുത്തു വരുമ്പോൾ ദിവാകരൻ ഗേറ്റിനടുത്തെത്തിയിരുന്നു. പൈസയുമായി രമേശൻ അടുത്തേക്ക് ചെല്ലുമ്പോൾ ദിവാകരൻ ഉറച്ചസ്വരത്തിൽ പറഞ്ഞു: '' ഞാൻ കൂലിവേലക്കാരനാണ്. പക്ഷേ സ്നേഹത്തിനും സൗഹൃദത്തിനും കൂലിവാങ്ങാറില്ല. എല്ലാറ്റിനും മാർക്കറ്റ് വിലയിട്ടാൽ പാവം നമ്മുടെ ഭൂമി വറ്റിവരണ്ടു പോകില്ലേ രമേശൻ സാറേ..."" ദിവാകരന്റെ വാക്കുകൾ തലേന്ന് വായിച്ചുനിറുത്തിയ വരികളുടെ തുടർച്ച പോലെ രമേശന് തോന്നി. ഉദയസൂര്യന് അപ്പോൾ നല്ല പ്രകാശമായിരുന്നു.
(ഫോൺ: 9946108220)