
വിഷുക്കൈനീട്ടമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും 20 രൂപയ്ക്ക് ഉൗണുമായി സുഭിക്ഷാ ഹോട്ടലുകൾ തുടങ്ങാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. ഭക്ഷ്യവകുപ്പിന്റെ സഹായം ഹോട്ടലുകൾക്ക് ലഭിക്കും. കിലോയ്ക്ക് 10.90 രൂപയ്ക്ക് അരിയും വിലക്കുറവിൽ മറ്റ് പലവ്യഞ്ജനങ്ങളും നൽകും. ഇതിനു പുറമേ ഒരു ഉൗണിന് അഞ്ച് രൂപ വീതം സബ്സിഡിയും സർക്കാർ നൽകും. കുടുംബശ്രീ, വനിതാ കൂട്ടായ്മകൾ, സഹകരണസംഘങ്ങൾ എന്നിവയ്ക്കാവും ഹോട്ടൽ നടത്തിപ്പിന്റെ ചുമതല. ഇത് നല്ല രീതിയിൽ നടന്നുപോയാൽ ജനങ്ങൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന ഒന്നായി മാറാതിരിക്കില്ല. എന്നാൽ ഇങ്ങനെ തുടങ്ങുന്ന പല നല്ല സംരംഭങ്ങളും നിലച്ചുപോയിട്ടുണ്ട്. തുടക്കത്തിലുള്ള ആവേശവും ശുഷ്കാന്തിയും പിന്നീട് നഷ്ടപ്പെടുന്നതും സാമ്പത്തിക പ്രതിസന്ധികളുമാണ് കാരണം. ഏതുകാര്യം തുടങ്ങിയാലും എതിർപ്പുണ്ടാകുന്ന ഒരു നാടാണ് നമ്മുടേത്. എന്നാൽ ചെറിയ തുകയ്ക്ക് ഭക്ഷണം നൽകാനുള്ള ഒരു സംരംഭത്തെയും ആർക്കും എതിർക്കാനാകില്ല. സ്വകാര്യ ഹോട്ടലുകാർക്ക് ഇതത്ര പിടിക്കില്ലെങ്കിലും എതിർക്കാൻ പറ്റില്ല. ഇത് കുറെക്കാലം കഴിയുമ്പോൾ തനിയെ നിന്നുപോകുമെന്നും അതിനാൽ മറ്റ് എതിർപ്പൊന്നും വേണ്ടെന്നും കരുതുന്നവരും കുറവല്ല.
ഇപ്പോൾ സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ സുഭിക്ഷ ഹോട്ടലുകൾ ഭക്ഷ്യവകുപ്പിന്റെ സഹായത്തോടെ നടന്നുവരുന്നുണ്ട്. നല്ല രീതിയിലുള്ള പ്രവർത്തനം കാരണം ഇവയ്ക്ക് ലഭിച്ച ജനപ്രീതി കണക്കിലെടുത്താണ് എല്ലാ നിയോജകമണ്ഡലങ്ങളിലും ഇത് തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ ജയലളിത തുടങ്ങിവച്ച അമ്മ ക്യാന്റീനുകൾ രാജ്യത്തിനാകെ മാതൃകയാണ്. അഞ്ച് രൂപയ്ക്ക് ഒന്നാന്തരം പ്രാതലും ഉച്ചയ്ക്ക് തൈർസാദവുമാണ് അവിടെ ലഭിക്കുന്നത്. ഇത് മാതൃകയാക്കി മറ്റ് ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും സമാന പദ്ധതികൾ തുടങ്ങിയതും ഇപ്പോൾ വിജയകരമായാണ് നടന്നുവരുന്നത്. അതിന്റെ പ്രധാന കാരണം വിലക്കുറവ് അവിടെ നൽകുന്ന ഭക്ഷണത്തിന്റെ രുചിയെ ബാധിച്ചിട്ടില്ല എന്നതാണ്. ഇക്കാര്യം സുഭിക്ഷ ഹോട്ടലിന്റെ കാര്യത്തിലും പിന്തുടരാൻ സർക്കാർ ജാഗ്രത പാലിക്കണം. കൊവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ എണ്ണം വളരെ അധികമാണ്. വിദേശത്തുനിന്ന് മടങ്ങിവന്ന് തിരികെ പോകാനാകാത്ത പ്രവാസികളുടെ കൂട്ടായ്മകളെയും ഇതിന്റെ നടത്തിപ്പ് ഏൽപ്പിക്കാവുന്നതാണ്. ഗ്രാമങ്ങളിൽ വൃദ്ധജനങ്ങൾ താമസിക്കുന്ന വീടുകളിൽ ഭക്ഷണമെത്തിച്ച് നൽകാനുള്ള ഏർപ്പാടുകളും ഉണ്ടാകണം. ബാങ്കിംഗ് സൗകര്യം കുറവായ ഗ്രാമപ്രദേശങ്ങളിൽ റേഷൻ കടകളിലെ ഇ -പോസ് മെഷീനിൽ ബാങ്കിംഗ് ഇടപാടും ഉൾപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. റേഷൻകാർഡ് സ്മാർട്ട് ആകുന്ന മുറയ്ക്ക് ഇതൊക്കെ സാദ്ധ്യമാകുമെന്ന് പ്രതീക്ഷിക്കാം.