andaloor-temple

തലശ്ശേരി: രാമായണ കഥാപാത്രങ്ങൾ തെയ്യങ്ങളായി അനുഗ്രഹവർഷംചൊരിയുന്ന വടക്കേമലബാറിലെ പുരാതന കാവുകളിലൊന്നായ അണ്ടലൂർ ശ്രീ ദൈവത്താറീശ്വര സന്നിധിയിൽ ആണ്ടുത്സവത്തിന് കേളികൊട്ടുയർന്നു. ഇന്നലെ മുതലാണ് കാവിലും ധർമ്മടത്തെ നാല് ഊരുകളിലുമായി പ്രധാന ഉത്സവചടങ്ങുകൾ ആരംഭിച്ചത് .

ഒരു ഗ്രാമം മുഴുവൻ കഠിന വ്രതം നോറ്റ് ഇഷ്ടദൈവമായ ദൈവത്താറീശ്വരന്റെ പടയാളികളാവുന്ന അപൂർവ്വത അണ്ടലൂർ ഉത്സവത്തിന്റെ മാത്രം സവിശേഷതയാണ്. മത്സ്യ ബന്ധനത്തിനും, കള്ള് ചെത്തിനും പ്രാമുഖ്യമുള്ള ധർമ്മടം മത്സ്യമാംസാദികളും മദ്യവും പൂർണ്ണമായും ഉപേക്ഷിച്ച് ഏഴ്നാൾ വ്രതം നോൽക്കും. ദേവ ഭോജ്യങ്ങളായ അവിലും മലരും പഴങ്ങളുമാണ് ഇനിയുള്ള ഉത്സവനാളുകളിലെ ആഹാരം. ഇതിനായി ധർമ്മടം, പാലയാട്, മേലൂർ, അണ്ടലൂർ ഊരുകളിലെ മുഴുവൻ വീടുകളിലും നാലും അഞ്ചും പഴക്കുലകൾ വാങ്ങിത്തുടങ്ങി.ലോഡുകണക്കായി മൈസൂർ കുലകൾ പാലയാട് ചിറക്കുനി ഉൾപെടെ ധർമ്മടത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഇതിനകം എത്തിയിട്ടുണ്ട്.

വ്രതക്കാർ മാത്രമല്ല ഉത്സവനാളിൽ .ഓരോ വീടുകളിലും എത്തുന്ന ബന്ധുമിത്രാദികൾക്കും പ്രസാദമായി അവിലും മലരും പഴവുമാണ് നൽകുന്നത്. ശ്രീരാമചന്ദ്രൻ ദൈവത്താറീശ്വരനായും ലക്ഷ്മണൻ അങ്കക്കാരനായും ഹനുമാൻ ബപ്പൂരനായും കെട്ടിയാടപ്പെടുകയാണ് അണ്ടല്ലൂർ ഉത്സവത്തിൽ. അയോദ്ധ്യാ സങ്കൽപത്തിലുള്ള മേലേക്കാവിലും ലങ്കാസങ്കൽപത്തിലുള്ള താഴെക്കാവിലുമാണ് ഉത്സവ ചടങ്ങുകൾ .മേലേക്കാവിൽ മൂന്ന് ദൈവങ്ങളും തിരുമുടിയണിഞ്ഞ ശേഷം രാമലക്ഷ്മണന്മാർ ഹനുമാന്റെയും വാനരസേനയുടെയും അകമ്പടിയോടെ ലങ്കയിലേക്ക് പോവുന്നതും അവിടെ ആട്ടമെന്ന ഘോര യുദ്ധം ചെയ്ത്, സീതാദേവിയെ വീണ്ടെടുത്ത് തിരികെ എഴുന്നള്ളുന്നതോടെയാണ് ഒരോ ദിവസത്തെയും ഉത്സവം സമാപിക്കുന്നത് . കുംഭം 4,5,6,7 തിയ്യതികളിൽ നടക്കുന്ന പ്രധാന ഉത്സവത്തിന് എട്ടിന് പുലർച്ചെ തിരുമുടി അറയിൽ തിരിച്ചു വയ്ക്കുന്നതോടെ കൊടിയിറങ്ങും