
കൊച്ചി: രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനമൊരുക്കാൻ യൂറോപ്യൻ കമ്പനിയായ എസ്.ഇ.എസുമായി സഹകരിച്ച് ജിയോ പ്ലാറ്റ്‌ഫോംസ്. രണ്ട് കമ്പനികളും ചേർന്ന് ജിയോ സ്‌പേസ് ടെക്‌നോളജി ലിമിറ്റഡ് എന്ന സംയുക്ത സംരംഭം രൂപീകരിച്ചു, അതിൽ ജിയോ പ്ലാറ്റ്‌ഫോമുകളും (ജെ.പി.എൽ) എസ്.ഇ.എസും യഥാക്രമം 51 ശതമാനവും 49 ശതമാനവും ഇക്വിറ്റി ഓഹരികൾ സ്വന്തമാക്കും.
750 കോടി(10 കോടി ഡോളർ)രൂപയുടേതാണ് ഇടപാട്. എസ്.ഇ.എസിന്റെ ഉപഗ്രഹ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും കമ്പനി പ്രവർത്തിക്കുക. 100 ജിബിപിഎസുവരെ വേഗമുള്ള ഇന്റർനെറ്റ് ലഭ്യമാക്കാൻ ഉപഗ്രഹ സംവിധാനത്തിലൂടെ കഴിയുമെന്ന് ജിയോ അധികൃതർ അറിയിച്ചു. ലക്‌സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.ഇ.എസിന് നിലവിൽ 70ലേറെ ഉപഗ്രഹങ്ങളുണ്ട്.
ഫൈബർ കണക്ടിവിറ്റി വിപുലീകരിക്കുന്ന പ്രവത്തനങ്ങൾ ഇതോടൊപ്പം തുടരുമെന്നും ജിയോ അറിയിച്ചു. 5ജി സേവനം ലഭ്യമാക്കുനുള്ള പ്രവർത്തനങ്ങളും തുടരും. രാജ്യത്തെ ഗ്രാമങ്ങളും പട്ടണങ്ങളും ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജിയോ പ്ലാറ്റ്‌ഫോമുകളുടെ ഡയറക്ടർ ആകാശ് അംബാനി പറഞ്ഞു.