
കൊച്ചി: കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഏറെ നിർണായകമായ ഉത്തർപ്രദേശും പഞ്ചാബും ഗോവയുമടക്കം അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിച്ചാലുടൻ പെട്രോൾ, ഡീസൽ വില കുത്തനെ കൂടിയേക്കും. കേന്ദ്രം പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും എക്സൈസ് നികുതി കുറച്ച കഴിഞ്ഞ നവംബർ നാലിനുശേഷം 101 ദിവസമായി എണ്ണക്കമ്പനികൾ ഇന്ധനവില പരിഷ്കരിച്ചിട്ടില്ല.
ഇന്ധനവില മാറ്റമില്ലാതെ ഇത്രനാൾ തുടരുന്നത് ആദ്യമാണ്. നവംബർ ആദ്യവാരം ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽ വില (ഇന്ത്യൻ ബാസ്കറ്റ്) ബാരലിന് 80 ഡോളറായിരുന്നു. ഇപ്പോൾ 92.41 ഡോളർ. വിലവർദ്ധനയുടെ ഈ ഭാരം തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ എണ്ണക്കമ്പനികൾ ഉപഭോക്താക്കൾക്ക് കൈമാറിയിട്ടില്ല.
ലിറ്ററിന് എട്ടുമുതൽ 10 രൂപവരെ വർദ്ധനയാണ് തിരഞ്ഞെടുപ്പ് മൂലം ഒഴിവാക്കപ്പെട്ടതെന്നാണ് വിലയിരുത്തലുകൾ. വോട്ടിംഗ് അവസാനിച്ചശേഷം പ്രതിദിനമായോ ഒറ്റയടിക്കോ ഇന്ധനവില കൂട്ടും. ഇതേ അഞ്ചുസംസ്ഥാനങ്ങളിൽ 2017ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ജനുവരി 16 മുതൽ ഏപ്രിൽ ഒന്നുവരെയും ആ വർഷം ഡിസംബറിൽ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ തുടർച്ചയായി 14 ദിവസവും എണ്ണക്കമ്പനികൾ ഇന്ധനവില നിലനിറുത്തിയിരുന്നു.
2018 മേയിലെ കർണാടക തിരഞ്ഞെടുപ്പ് വേളയിൽ തുടർച്ചയായ 19 ദിവസം വില പരിഷ്കരിച്ചില്ല. എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് 3.80 രൂപയും ഡീസലിന് 3.38 രൂപയും കൂട്ടി. കൊവിഡ്, ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ 2020 മാർച്ച് 17 മുതൽ ജൂൺ ആറുവരെയും വില പരിഷ്കരിച്ചിരുന്നില്ല.
7 വർഷത്തെ ഉയരത്തിൽ ക്രൂഡോയിൽ
വില റഷ്യ-യുക്രെയിൻ സംഘർഷ പശ്ചാത്തലത്തിൽ ആഗോള വിതരണശൃംഖലയിൽ തടസങ്ങളുണ്ടാകുമെന്ന ഭീതി മൂലം രാജ്യാന്തര ക്രൂഡ് വില ഉയരുകയാണ്. കഴിഞ്ഞ വാരാന്ത്യം ഡബ്ല്യു.ടി.ഐ ക്രൂഡ് വില ബാരലിന് 3.58 ശതമാനം മുന്നേറി ഏഴുവർഷത്തെ ഉയരമായ 93.10 ഡോളറിലെത്തി. 3.31 ശതമാനം വർദ്ധനയുമായി 94.44 ഡോളറാണ് ബ്രെന്റ് ക്രൂഡ് വില.
കൂട്ടണം ഉത്പാദനം
സൗദിയും യു.എ.ഇയുമടക്കമുള്ള എണ്ണ കയറ്റുമതി രാജ്യങ്ങൾ (ഒപെക് പ്ളസ്) ഉത്പാദനം ഉയർത്തി വിലക്കയറ്റം പിടിച്ചുനിറുത്തണമെന്ന് ഇന്ത്യയും അന്താരാഷ്ട്ര എനർജി ഏജൻസിയും (ഐ.ഇ.എ) ആവശ്യപ്പെട്ടിട്ടുണ്ട്.
മികച്ച ഡിമാൻഡുണ്ടെങ്കിലും ജനുവരിയിൽ പ്രതിദിന ഉത്പാദനത്തിൽ 9 ലക്ഷം ബാരലിന്റെ കുറവുണ്ടായിരുന്നു. ഉത്പാദനം കൂടാതിരിക്കുകയും റഷ്യ-യുക്രെയിൻ സംഘർഷം രൂക്ഷമാകുകയും ചെയ്താൽ ക്രൂഡ് വില ബാരലിന് 100 ഡോളർ കടക്കും.
ഇന്ത്യയ്ക്ക് വെല്ലുവിളി
ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഡോളറിനെതിരെ രൂപ ദുർബലമാകുന്നതും ഇന്ത്യയുടെ വാങ്ങൽ ചെലവുയർത്തും. ക്രൂഡ് വിലവർദ്ധനയ്ക്ക് ആനുപാതികമായി എണ്ണ വിതരണക്കമ്പനികൾ ആഭ്യന്തര ഇന്ധനവില കൂട്ടും. അവശ്യവസ്തുക്കളുടെ വില കൂടാനും നാണയപ്പെരുപ്പം കുതിക്കാനും ഇതിടയാക്കും. നാണയപ്പെരുപ്പം നിയന്ത്രിക്കാനായി പലിശനിരക്കുകൾ കൂട്ടാൻ റിസർവ് ബാങ്കും നിർബന്ധിതരാകും. ഇത് വ്യാപാര-വാണിജ്യമേഖലയെയും പൊതുജനങ്ങളെയും സാരമായി ബാധിക്കും.
₹106.36
കഴിഞ്ഞ നവംബർ നാലുമുതൽ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് പെട്രോളിന് 106.36 രൂപ. ഡീസലിന് 93.47 രൂപ.