
തിരുവനന്തപുരം: അമ്പലമുക്കിലെ അലങ്കാര ചെടിക്കടയിലെ ജീവനക്കാരി വിനിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി തമിഴ്‌നാട് തോവാള സ്വദേശി രാജേന്ദ്രനെ അമ്പലമുക്കിലെ കടയിലും മോഷണശേഷം കത്തിയും ധരിച്ച വസ്‌ത്രങ്ങളും ഉപേക്ഷിച്ച മുട്ടടയിലെ കുളക്കരയിലും എത്തിച്ച് തെളിവെടുത്തു. പ്രതി കൊല നടന്ന സമയത്ത് ധരിച്ചിരുന്ന ഷർട്ട് കണ്ടെത്തി. ഷർട്ടിൽ രക്തക്കറയുണ്ടായിരുന്നു.

കൊല നടന്ന അമ്പലമുക്കിലെ കടയുടെ സമീപം ഉച്ചയ്‌ക്ക് രാജേന്ദ്രനെ എത്തിച്ചപ്പോൾ നാട്ടുകാർ കടുത്ത അസഭ്യ വർഷം ചൊരിയുകയും കൈയേറ്റ ശ്രമം നടത്തുകയും ചെയ്‌തു. പൊലീസ് വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ നിന്നും രാജേന്ദ്രനെ മാറ്റിയത്. മുട്ടടയിലെ കുളക്കരയിൽ പക്ഷെ പ്രതിഷേധമൊന്നും ഉണ്ടായില്ല. ഇവിടെ നിന്നും ഷർട്ട് കണ്ടെത്തി. എന്നാൽ കത്തി കണ്ടെത്താൻ കഴിഞ്ഞില്ല.