modi-punjab

അമൃത്‌സർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജലന്ധറിൽ എത്തിയിരിക്കുകയാണ്. രാജ്യത്തെയാകെ ശ്രദ്ധയാകർഷിച്ച കർഷക സമരം കഴിഞ്ഞ് പ്രധാനമന്ത്രിയുടെ രണ്ടാം പഞ്ചാബ് സന്ദർശനമാണിത്. ജനുവരി അഞ്ചിന് റോഡ് മാർഗം ഫിറോസ്‌പൂരിലെത്താൻ പ്രധാനമന്ത്രി പുറപ്പെട്ടെങ്കിലും പിയേറേന ഫ്ളൈയോ‌വറിൽ വച്ച് കർഷകർ തടഞ്ഞിരുന്നു.

ഹെലികോപ്‌റ്ററിൽ ജലന്ധറിലെത്തിയ ശേഷം തിരഞ്ഞെടുപ്പ് റാലി നടക്കുന്ന പിഎപി ഗ്രൗണ്ടിലേക്ക് റോഡ് മാ‌ർഗം അദ്ദേഹം എത്തി. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ശക്തമായ സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയത്. പ്രധാനമന്ത്രി പോകുന്ന വഴിയിൽ കരിങ്കൊടി കാണിക്കുമെന്നും പ്രതിഷേധിക്കുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് മുഖ്യമന്ത്രി ചരൺജീത്ത് സിംഗ് ചന്നിയുടെ ഹെലികോപ്‌ടർ യാത്രയ്‌ക്ക് അനുമതി നിഷേധിച്ചു. ഇതോടെ മുഖ്യമന്ത്രിയുടെ ഹോഷിയാർപൂരിലേക്കുള‌ള യാത്ര തടസപ്പെട്ടു. രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലിയിൽ മുഖ്യമന്ത്രിക്ക് പങ്കെടുക്കാനാവില്ല. മുഖ്യമന്ത്രിയെ തടഞ്ഞതിന് പിന്നിൽ കേന്ദ്ര സർക്കാർ നടത്തിയ രാഷ്‌ട്രീയ ഇടപെടലാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്തുകൊണ്ടാണ് ഹെലികോപ്‌റ്ററിന് അനുമതി നിഷേധിച്ചതെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ചരൺജിത്ത് ചന്നിയും ആവശ്യപ്പെട്ടു.

ലഖീംപൂർ ഖേരി സംഭവത്തിലെ പ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്‌ മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്‌ക്ക് അലഹാബാദ് കോടതി ജാമ്യം അനുവദിച്ചതോടെയാണ് പ്രധാനമന്ത്രിയ്‌ക്കെതിരെ പ്രതിഷേധിക്കുമെന്ന് കർഷകർ അറിയിച്ചത്. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലി നടക്കുന്ന പത്താൻകോട്ടും അബോഹറും സമാധാനപരമായ പ്രതിഷേധം നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയെ കരിങ്കൊടി കാട്ടാനും ഗ്രാമങ്ങളിൽ കോലം കത്തിക്കാനും കേന്ദ്ര സർക്കാർ കർഷകവഞ്ചന തുടരുകയാണ് എന്ന മുദ്രാവാക്യം പ്രധാനമന്ത്രി വരുന്ന വഴിയിലെല്ലാം മുഴക്കാനുമാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം.ഫെബ്രുവരി 20നാണ് പഞ്ചാബിൽ വോട്ടെടുപ്പ് നടക്കുക.