modi

കാൺപൂർ: മുസ്‌ലിം പെൺകുട്ടികൾ ഉത്തർപ്രദേശിൽ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് ബി ജെ പിയുടെ ഭരണത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാൺപൂരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഇപ്പോൾ അനേകം മുസ്‌ലിം പെൺകുട്ടികൾ സ്കൂളുകളിലും കോളേജുകളിലും പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടകയിൽ വലിയ സംഘർഷം നിലനിൽക്കവെയാണ് മോദിയുടെ പുതിയ വാദം. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഉഡുപ്പിയിൽ ഹൈസ്‌കൂൾ പരിസരങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിജാബ് വിലക്കിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ അന്തിമവിധി പുറപ്പെടുവിക്കും വരെ വിദ്യാർത്ഥികളുടെ വിശ്വാസം ഏതായാലും, വിദ്യാലയങ്ങളിൽ മതപരമായ വേഷം പാടില്ലെന്ന് കർണാടക ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. യൂണിഫോം നിർബന്ധമാക്കിയ വിദ്യാലയങ്ങൾക്കാണ് ഇത് ബാധകമാകുക. ഹിജാബ് വിവാദം ഉചിതമായ സമയത്ത് പരിഗണിക്കുമെന്ന് സുപ്രീം കോടതിയും അറിയിച്ചിരുന്നു.

അതേസമയം, ഗോവയിൽ 44.63 ശതമാനം പേർ നിയമസഭാ തിരഞ്ഞെടുപ്പിലേക്കായി വോട്ട് രേഖപ്പെടുത്തി. ഉത്തർപ്രദേശിൽ 39.07 ശതമാനവും ഉത്തരാഖണ്ഡിൽ 35.21 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധമി, മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്, ജയിലിൽ കഴിയുന്ന സമാജ്‌വാദി പാർട്ടി നേതാവ് ആസാം ഖാൻ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാർത്ഥികൾ.