examination

പത്താം ക്ലാസിലെ കുട്ടികൾ പരീക്ഷയ്‌ക്ക് ഒരുങ്ങുകയാണ്. പുതിയ പരീക്ഷാരീതിയാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രധാന ആശങ്ക. ഇതേക്കുറിച്ചോർത്ത് സംഘർഷം ഒഴിവാക്കാനുള്ള എളുപ്പവഴി, പുതിയ പരീക്ഷാരീതി വിശദമായി മനസ്സിലാക്കുക എന്നതാണ്. അദ്ധ്യാപകരും കുട്ടികളും മാത്രമല്ല, രക്ഷിതാക്കളും ഈ പരീക്ഷാരീതിയെക്കുറിച്ച് മനസ്സിലാക്കണം. എങ്കിലേ, പഠനത്തിലും പരീക്ഷാ തയ്യാറെടുപ്പിലും അവർക്ക് പൂർണ പിന്തുണ നല്കാനാവൂ.

പരീക്ഷാ രീതിയിൽചോദ്യരൂപങ്ങൾക്ക് മാറ്റം വരുത്തിയിട്ടില്ല. വ്യത്യാസം വരുന്നത് ചോയ്സുകളിലും മാർക്കുകളുടെ വിന്യാസത്തിലുമാണ്. ഈ വർഷത്തെ

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് മികച്ച സ്‌കോർ നേടി ജയിക്കാൻ പുതിയ പാറ്റേണിനെക്കുറിച്ച് മനസ്സിലാക്കുകയും മാതൃകാ ചോദ്യപ്പേപ്പറുകൾ പരിശീലിക്കുകയും വേണം.

പാറ്രേൺ

എങ്ങനെ?​

ഓരോ വിഷയത്തിന്റെ ചോദ്യപ്പേപ്പറിനും ഓരോ പ്രത്യേക പാറ്റേണുണ്ട്. ചോദ്യങ്ങൾക്ക്‌ ചോയ്സ് നല്കാനാണ് ഇത്തരമൊരു പാറ്റേൺ സ്വീകരിച്ചിരിക്കുന്നത്. 80 സ്‌കോറിന് പരീക്ഷയുളള വിഷയങ്ങൾക്ക് ആകെ 35 ചോദ്യങ്ങളാണ് ഉണ്ടാവുക. 40 സ്‌കോറിന്റെ പരീക്ഷയ്ക്ക് 24 ചോദ്യങ്ങൾ. പരീക്ഷ എഴുതേണ്ടതിനേക്കാൾ 50% സ്‌കോറിനു കൂടി അധിക ചോദ്യങ്ങളുണ്ടാവും. അതായത്,​ 40 സ്‌കോറിന്റെ പരീക്ഷയ്ക്ക് 60 സ്‌കോറിന്റെ ചോദ്യങ്ങളും,​ 80 സ്‌കോറിന്റെ പരീക്ഷയ്ക്ക് 120 സ്‌കോറിന്റെ ചോദ്യങ്ങളും ചോദ്യപ്പേപ്പറിൽ ഉണ്ടാവും.

എന്നാൽ ഈ അധിക ചോദ്യങ്ങൾ ചോയ്സുകളായാണ് നല്കുക. കുറച്ചുകൂടി വ്യക്തമാക്കിയാൽ,​ 60 സ്‌കോറിന്റെ ചോദ്യപ്പേപ്പറിൽ 20 സ്‌കോറിന്റെ ചോദ്യങ്ങൾ ചോയ്സുകളായിരിക്കും (അധികചോദ്യങ്ങൾ). 80 സ്‌കോറിന്റെ ചോദ്യപ്പേപ്പറിൽ 40 സ്‌കോറിനുള്ളത് അധിക ചോദ്യങ്ങളാകും.

ഫോക്കസ്,​ നോൺ

ഫോക്കസ് ഏരിയ

ഈ വർഷത്തെ എസ് എസ് എൽ സി,​ പ്ലസ് ടു പരീക്ഷകൾക്ക്‌ ഫോക്കസ് ഏരിയയിൽ (പ്രാധാന്യം നല്കി പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ) നിന്ന് 70% സ്‌കോറിനുളള ചോദ്യങ്ങളും,​ നോൺഫോക്കസ് ഏരിയയിൽ നിന്ന് 30% സ്‌കോറിനുളള ചോദ്യങ്ങളും ചോദിക്കും. 40 സ്‌കോറിന്റെ പരീക്ഷയ്ക്ക് 42 സ്‌കോറിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന് നൽകിയിരിക്കും. അതിൽ നിന്ന് കുട്ടികൾ 28 സ്‌കോറിന്റെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതിയാകും. ബാക്കി 12 സ്‌കോറിന്റെ ചോദ്യങ്ങൾ നോൺഫോക്കസ് ഏരിയയിൽ നിന്നാണ്. അതിനായി 18 സ്‌കോറിന്റെ ചോദ്യങ്ങൾ നല്കിയിരിക്കും.


80 സ്‌കോറിന്റെ പരീക്ഷയ്ക്ക് 84 സ്‌കോറിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന് നൽകിയിരിക്കും. അതിൽ നിന്ന് 56 സ്‌കോറിന്റെ ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതേണ്ടത്. ബാക്കി 24 സ്‌കോറിന്റെചോദ്യങ്ങൾ നോൺഫോക്കസ് ഏരിയയിൽ നിന്നാണ് എഴുതേണ്ടത്. അതിനായി 36 സ്‌കോറിന്റെ ചോദ്യങ്ങളുണ്ടാകും.

നോൺഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ താരതമ്യേന ലളിതമാകാൻ സാധ്യതയുണ്ടെങ്കിലും,​ ഫോക്കസ് ഏരിയ പാഠഭാഗങ്ങൾക്കൊപ്പം നോൺഫോക്കസ് ഏരിയയിലെ ഭാഗങ്ങൾ കൂടി പഠിച്ചിരുന്നാലേ എ പ്ളസ് എന്ന കടമ്പ കടക്കാനാകൂ. ഓരോ ചോദ്യപ്പേപ്പറിലും അഞ്ച് പാർട്ടുകളാണ് ഉള്ളത്. ഓരോ പാർട്ടിനെയും എ, ബി എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. എ ഭാഗം ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളാണ്. ബി ഭാഗം നോൺഫോക്കസ് ഏരിയയിൽ നിന്നും.


40 സ്‌കോറിന്റെ

ചോദ്യങ്ങളുടെ വിതരണം


പാർട്ട് ഒന്ന്: 1 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 6 ചോദ്യങ്ങൾ. ഇതിൽ 4 എണ്ണത്തിന് ഉത്തരമെഴുതണം (4 സ്‌കോർ). നോൺഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളിൽ മൂന്നിനും ഉത്തരമെഴുതണം (3 സ്‌കോർ). അതായത്,​ ആകെ 9 ചോദ്യങ്ങൾ നല്കിയിട്ടുള്ളതിൽ 7 എണ്ണത്തിന് ഉത്തരമെഴുതണം.


പാർട്ട് രണ്ട്: 2 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് ഒരു ചോദ്യം. ഇതിന് 2 സ്‌കോർ. നോൺഫോക്കസ് ഏരിയയിൽ നിന്നുള്ള 2 ചോദ്യങ്ങളിൽ ഒന്നിന് ഉത്തരമെഴുതണം. (2 സ്‌കോർ). ആകെയുള്ള 3 ചോദ്യങ്ങളിൽ ഉത്തരമെഴുതേണ്ടത് 2 എണ്ണത്തിന്.

പാർട്ട് മൂന്ന്: 3 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് നല്കിയിട്ടുള്ള 4 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരമെഴുതണം. (ആകെ 9 സ്‌കോർ). നോൺഫോക്കസ് ഏരിയയിൽ നിന്ന് ഒരു ചോദ്യമേ ഉണ്ടാകൂ (3 സ്‌കോർ). അതായത്,​ ആകെയുള്ള 5 ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതണം.


പാർട്ട് നാല്: 4 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്നുള്ള 3 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതണം (8 സ്‌കോർ). നോൺഫോക്കസ് ഏരിയയിൽ നിന്ന് 2 ചോദ്യങ്ങൾ. ഇതിന് ഒരെണ്ണത്തിന് ഉത്തരമെഴുതണം (4 സ്‌കോർ). അതായത്,​ ആകെ 5 ചോദ്യങ്ങൾ നല്കിയിരിക്കുന്നതിൽ 3 എണ്ണത്തിനാണ് ഉത്തരമെഴുതേണ്ടത്.

പാർട്ട് അഞ്ച്: 5 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്നുള്ള 2 ചോദ്യങ്ങളിൽ ഒന്നിന് ഉത്തരമെഴുതണം (5 സ്‌കോർ), നോൺഫോക്കസ് ഏരിയയിൽ നിന്ന്‌ ചോദ്യങ്ങളുണ്ടാകില്ല.


80 സ്‌കോറിന്റെ

ചോദ്യങ്ങളുടെ വിതരണം


പാർട്ട് ഒന്ന്: 1 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 6 ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതണം (4 സ്‌കോർ). നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 4 ചോദ്യങ്ങൾ. നാലിനും ഉത്തരമെഴുതണം (4 സ്‌കോർ). അതായത്,​ ആകെ നല്കിയിട്ടുള്ള 10 ചോദ്യങ്ങളിൽ 8 എണ്ണത്തിനാണ് ഉത്തരമെഴുതേണ്ടത്.


പാർട്ട് രണ്ട്: 2 സ്‌കോർചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്നുള്ള 5 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരമെഴുതണം (6 സ്‌കോർ). നോൺഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളുണ്ടാകും. ഇതിൽ 2 എണ്ണത്തിന് ഉത്തരമെഴുതണം (4 സ്‌കോർ). ആകെ 8 ചോദ്യങ്ങൾ. ഉത്തരമെഴുതേണ്ടത് 5 എണ്ണത്തിന്.

പാർട്ട് മൂന്ന്: 4 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 5 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരമെഴുതണം (12 സ്‌കോർ). നോൺഫോക്കസ് ഏരിയയിൽ നിന്നുള്ള 2 ചോദ്യങ്ങളിൽ ഒന്നിന് ഉത്തരമെഴുതണം (4 സ്‌കോർ). ആകെയുള്ള 7 ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതണമെന്ന് അർത്ഥം.


പാർട്ട് നാല്: 6 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 4 ചോദ്യങ്ങൾ നല്കിയിരിക്കും. ഇതിൽ 3 എണ്ണത്തിന് ഉത്തരമെഴുതണം (18 സ്‌കോർ). നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള 3 ചോദ്യങ്ങളിൽ 2 എണ്ണത്തിനാണ് ഉത്തരമെഴുതേണ്ടത് (12 സ്‌കോർ). അതായത്,​ ആകെ 7 ചോദ്യങ്ങൾ. 5 എണ്ണത്തിന് ഉത്തരമെഴുതണം.


പാർട്ട് അഞ്ച്: 8 സ്‌കോർ ചോദ്യങ്ങൾ: ഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതണം (16 സ്‌കോർ), നോൺഫോക്കസ് ഏരിയയിൽ നിന്ന്‌ ചോദ്യങ്ങളില്ല.


സ്‌കോർ- ഗ്രേഡ് നിലവാരം കൂടി മനസ്സിലാക്കുക.

ജോസ് ഡി. സുജീവ്

ഇംഗ്ളീഷ് അദ്ധ്യാപകൻ

ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ

കോട്ടൺഹിൽ,​ തിരുവനന്തപുരം

സംശയങ്ങൾക്ക് വിളിക്കാം: 94962 68605