cpm

ആലപ്പുഴ: സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി കണിച്ചുകുളങ്ങര സ്കൂൾ മൈതാനത്ത് നടക്കും. രാവിലെ പത്തിന് പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി തുടങ്ങിയവർ പങ്കെടുക്കും.

180 പ്രതിനിധികൾ, 44 ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 234 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രതിനിധികളിൽ 35 പേർ വനിതകളാണ്. 46 അംഗ ജില്ലാ കമ്മിറ്റിയിൽ രണ്ട് ഒഴിവുകളുണ്ട്. തകഴി ഏരിയ സെക്രട്ടറിയായിരുന്ന കെ. പ്രകാശൻ, എം.എ. അലിയാർ എന്നിവരുടെ മരണത്തെത്തുടർന്നാണി​ത്. 11 അംഗ സെക്രട്ടേറിയറ്റിൽ അലിയാരുടെ മരണം, കെ. രാഘവനെ തരംതാഴ്ത്തിയത് ഉൾപ്പെടെ രണ്ട് ഒഴിവുകളുണ്ട്.

ജില്ലാ സെക്രട്ടറിയായി ആർ. നാസർ തുടരാനാണ് സാദ്ധ്യത. ജില്ലാ സെക്രട്ടറിയായിരുന്ന മന്ത്രി സജി ചെറിയാൻ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് 2018ൽ നാസർ ചുമതലയേറ്റത്. ജനുവരി അവസാനവാരം നടത്താനിരുന്ന സമ്മേളനം കൊവിഡ് വ്യാപനം രൂക്ഷമായതോടെ മാറ്റിവയ്ക്കുകയായിരുന്നു.