snake

ക്വാലാലംപൂർ : പറന്നുയർന്നതിന് പിന്നാലെ ഉള്ളിൽ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടു. മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് ടവൗവുവിലേക്ക് പുറപ്പെട്ട എയർ ഏഷ്യയുടെ എയർബസ് 320 - 200 വിമാനത്തിൽ വ്യാഴാഴ്ചയായിരുന്നു സംഭവം.

വിമാനത്തിന്റെ മുകൾഭാഗത്ത് ലഗ്ഗേജുകൾ വയ്ക്കുന്നതിന് ഉള്ളിലെ ഇല്യുമിനേറ്റഡ് ഏരിയയിലൂടെ പാമ്പ് ഇഴയുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. യാത്രക്കാർ പരിഭ്രാന്തരായതോടെ കുചിംഗ് വിമാനത്താവളത്തിലേക്ക് വിമാനം വഴിത്തിരിച്ചുവിടുകയായിരുന്നു. ഇവിടെ ലാൻഡിംഗ് നടത്തി യാത്രക്കാരെ ഒഴിപ്പിച്ച ശേഷം ജീവനക്കാർ പാമ്പിനെ പിടികൂടി. ഈ പാമ്പെങ്ങനെ വിമാനത്തിനുള്ളിൽ കടന്നുവെന്ന് വ്യക്തമല്ല.

യാത്രക്കാരിൽ ആരുടെയെങ്കിലും ബാഗിൽ കയറിപ്പറ്റിയതാകാമെന്ന് കരുതുന്നു. ആരെങ്കിലും പാമ്പിനെ രഹസ്യമായി കടത്താൻ ശ്രമിച്ചതാണോ എന്നും വ്യക്തമല്ല. യാത്രക്കാരെല്ലാം സുരക്ഷിതരായിരുന്നുവെന്ന് ഏയർഏഷ്യ അധികൃതർ വ്യക്തമാക്കി. വിമാനത്തിനുള്ളിലൂടെ ഇഴയുന്ന പാമ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.