
ദുബായ് : യെമന്റെ തലസ്ഥാനമായ സനായിൽ ഹൂതി വിമതർ ഡ്രോണുകളെ നിയന്ത്രിക്കാനും മറ്റും ഉപയോഗിച്ചിരുന്ന ടെലികമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങളിൽ ഒന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകർത്തതായി സൗദി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
അബുദാബിയിൽ നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർക്കെതിരെ സൗദി സഖ്യസേന തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ്.
വടക്കൻ സനായിൽ ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് സമീപം ഉപഗ്രഹങ്ങൾക്കായുള്ള ഗ്രൗണ്ട് സ്റ്റേഷനാണ് ബോംബാക്രമണത്തിൽ സഖ്യസേന ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വ്യാഴാഴ്ച സൗദിയിലെ അഭാ വിമാനത്താവളത്തിന് നേരെ നടന്ന ഹൂതി ഡ്രോൺ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു.