sd

മുംബയ്: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ പ്രാരംഭ ഓഹരി വിൽപ്പനയിൽ(ഐ.പി.ഒ) ഓഹരിയൊന്നിന് 1,693-2,692 രൂപ നിലവാരത്തിലാകും വില നിശ്ചയിക്കുകയെന്ന് റിപ്പോർട്ടുകൾ. പ്രാരംഭ ഓഹരി വില്പനയിലൂടെ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷന്റെ അഞ്ചുശതമാനം ഓഹരികളാണ് സർക്കാർ കൈമാറുക.

50,000 കോടിക്കും ഒരു ലക്ഷം കോടിക്കുമിടയിലുള്ള തുകയാകും ഓഹരി വില്പനയിലൂടെ സർക്കാർ സമാഹരിക്കുക. ഇതുപ്രകാരം 31.62 കോടി ഓഹരികളാണ് വിറ്റഴിക്കുക. ഓഫർ ഫോർ സെയിൽവഴിയാകും 100 ശതമാനം ഓഹരികളും കൈമാറുക. വില്പനയ്ക്കുവയ്ക്കുന്ന മൊത്തം ഓഹരികളിൽ 10ശതമാനം പോളിസി ഉടമകൾക്കായി നീക്കിവയ്ക്കും. അഞ്ചുശതമാനം ജീവനക്കാർക്കും അനുവദിച്ചേക്കും. പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള കരടുരേഖ സെബിക്ക് സമർപ്പിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

 മുമ്പൻ എൽ.ഐ.സി തന്നെ

നിലവിൽ കേന്ദ്ര സർക്കാരിന്റെ പൂർണ്ണ ഉമടസ്ഥതയിലുള്ള കമ്പനിയുടെ മൂല്യം 12 ലക്ഷം കോടിക്കും 15 ലക്ഷം കോടിക്കുമിടയിലാണ്. ഐ.പി.ഒ പ്രഖ്യാപിക്കുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും.

പ്രമുഖ റേറ്റിംഗ് ഏജൻസിയായ ക്രിസിലിന്റെ റിപ്പോർട്ടുപ്രകാരം എൽ.ഐ.സിയുടെ വിപണി വിഹിതം 64.1ശതമാനമാണ്. രാജ്യത്തുള്ള 24 ഇൻഷ്വറൻസ് കമ്പനികളിൽ പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സി തന്നെയാണ് മുന്നിൽ. 2021-22 സാമ്പത്തികവർഷത്തെ ആദ്യ പകുതിയിൽ രേഖപ്പെടുത്തിയ അറ്റലാഭം 1,437 കോടി രൂപയാണ്.