df

മുംബയ്: തുർക്കി എയർലൈൻസിന്റെ മുൻ ചെയർമാൻ ഇൽക്കർ ഐസിയെ എയർ ഇന്ത്യയുടെ പുതിയ സി.ഇ.ഒയും എം.ഡിയുമായി നിയമിച്ചു. എയർ ഇന്ത്യയുടെ പുതിയ ഉടമകളായ ടാറ്റാ ഗ്രൂപ്പ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇൽക്കർ ഐസി(51)യുടെ നിയമനം അംഗീകരിക്കാൻ എയർ ഇന്ത്യ ബോർഡ് യോഗം ചേർന്നിരുന്നു. ഈ ബോർഡ് മീറ്റിംഗിൽ ടാറ്റാ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ പ്രത്യേക ക്ഷണിതാവായിരുന്നു. “ടർക്കിഷ് എയർലൈൻസിനെ അതിന്റെ നിലവിലെ വിജയത്തിലേക്ക് നയിച്ച ഒരു വ്യോമയാന വ്യവസായ പ്രമുഖനാണ് ഇൽക്കർ. എയർ ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിക്കാൻ പോകുന്ന ടാറ്റാ ഗ്രൂപ്പിലേക്ക് ഇൽക്കറെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” എൻ ചന്ദ്രശേഖരൻ പറഞ്ഞു. എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്തതിന് പിന്നാലെ ബ്രിട്ടീഷ് എയർവേസ് സി.ഇ.ഒ ആയിരുന്ന അലക്‌സ് ക്രൂസിനെ എയർ ഇന്ത്യയുടെ സാരഥിയാക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നാലെയാണ് ഇൽക്കർ ഐസിയുടെ രംഗപ്രവേശനം.

ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തിരുന്നു, എയർലൈൻ പുനരുജ്ജീവിപ്പിക്കാൻ മികച്ച പ്രൊഫഷണലുകളുടെ ഒരു ടീമിന് അന്തിമരൂപം നൽകുകയാണ് കമ്പനി. എയർ ഇന്ത്യയുടെ പുതിയ ബോർഡിനെ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ തന്നെ നയിക്കാനാണ് സാദ്ധ്യത. നിലവിൽ, ടാറ്റ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, വിസ്താര, എയർഏഷ്യ ഇന്ത്യ എന്നിവ പ്രവർത്തിപ്പിക്കുന്നുണ്ട്.

 ഐസി വന്ന വഴി

1971-ൽ ഇസ്താംബൂളിലാണ് ഇൽക്കർ ഐസി ജനിച്ചത്. ബിൽകെന്റ് യൂണിവേഴ്‌സിറ്റിയുടെ പൊളിറ്റിക്കൽ സയൻസ് ആൻഡ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ വകുപ്പിലെ (1994) പൂർവ്വ വിദ്യാർത്ഥിയാണ്. 1995-ൽ യു.കെയിലെ ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിൽ പൊളിറ്റിക്കൽ സയൻസിൽ ഗവേഷണം നടത്തിയശേഷം, 1997ൽ ഇസ്താംബൂളിലെ മർമര യൂണിവേഴ്‌സിറ്റിയിൽ ഇന്റർനാഷണൽ റിലേഷൻസ് മാസ്റ്റേഴ്‌സ് പ്രോഗ്രാം പൂർത്തിയാക്കി. 1994-ൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച്, യഥാക്രമം കുർട്‌സൻ ഇലക്ലാർ എ.എസ്, ഇസ്താംബുൾ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റി, യൂണിവേഴ്സൽ ഡിസ് ടികാരെറ്റ് എ.എസ്. എന്നിവയിൽ വിവിധ സ്ഥാനങ്ങളിൽ നിയോഗിക്കപ്പെട്ടു.