
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ സുഗമമായ അന്തരീക്ഷം ഉറപ്പുവരുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കണ്ണൂർ മാതമംഗലത്ത് ഹാർഡ്‌വെയർ കമ്പനി അടച്ചുപൂട്ടിയത് ചർച്ചയിലൂടെ പരിഹരിക്കാൻ ലേബർ കമ്മിഷണർ എസ്. ചിത്രയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ സ്ഥാപനത്തിലെ നാല് തൊഴിലാളികൾക്ക് ചുമട്ടുതൊഴിലാളി നിയമപ്രകാരമുള്ള 26 എ കാർഡിനുള്ള അപേക്ഷ പയ്യന്നൂർ അസി. ലേബർ ഓഫീസർക്ക് സ്ഥാപനമുടമ നൽകിയിരുന്നു. എന്നാൽ, സ്ഥാപനം പ്രവർത്തിച്ചിരുന്ന സ്ഥലം ചുമട്ടു തൊഴിലാളി ക്ഷേമപദ്ധതി നടപ്പാക്കിയ സ്ഥലമാണ്. ഈ നാല് തൊഴിലാളികൾക്ക് അറ്റാച്ച്ഡ് കാർഡ് നൽകുന്ന പക്ഷം ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിന്റെ കീഴിലുള്ള 23 രജിസ്റ്റേർഡ് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അസി. ലേബർ ഓഫീസറും അപ്പലേറ്റ് അതോറിട്ടിയായ ജില്ലാ ലേബർ ഓഫീസറും അപേക്ഷ നിരസിച്ചു. തുടർന്ന് സ്ഥാപനമുടമ ഹൈക്കോടതിയിൽ പോയി അനുകൂല വിധി സമ്പാദിക്കുകയും നാലു തൊഴിലാളികൾക്ക് കാർഡ് നൽകുകയുമാണുണ്ടായതെന്ന് മന്ത്രി പറഞ്ഞു.