
കൊല്ലം: ജോലി കഴിഞ്ഞെത്തിയ യുവാവിനെ തടഞ്ഞുനിറുത്തി മരക്കമ്പുകൊണ്ട് തലയ്ക്കടിച്ച് മാരകമായി പരിക്കേൽപ്പിച്ച നാലു യുവാക്കളെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കൽ പുലിക്കുഴി സ്വദേശികളായ തിരുവോണം വീട്ടിൽ അശ്വിൻ (20), സുനിൽ മന്ദിരത്തിൽ അഖിൽ (19), കോട്ടൂർ വീട്ടിൽ വിഷ്ണു (20), രാഹുൽ ഭവനിൽ ഗോകുൽ (19) എന്നിവരാണ് പിടിയിലായത്. 11ന് രാത്രി 8.30ഓടെ പുലിക്കുഴി ഭാഗത്ത് വച്ച് വേളമാനൂർ തൊളിക്കോട് ചരുവിള വീട്ടിൽ അഖിലിനെയാണ് (27) ആക്രമിച്ചത്. തലയുടെ പിന്നിൽ അടിയേറ്റ് നിലത്തുവീണ അഖിലിനെ ചവിട്ടുകയും കല്ലുകൊണ്ട് ഇടിച്ച് മൂക്കിന്റെ അസ്ഥിക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. അഖിലിന്റെ പരാതിയിൽ ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ നിർദ്ദേശാനുസരണം പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബറിന്റെ നേതൃത്വത്തിൽ, എസ്.ഐ മാരായ എസ്. അനുരൂപ, ജയിംസ് സി.പി.ഒമാരായ ശ്രീകുമാർ, സുബാഷ് എന്നിവരാണ് ഇവരെ പിടികൂടിയത്.