
ലോസ്ആഞ്ചലസ് : പ്രശസ്ത കനേഡിയൻ സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ ഇവാൻ റെയ്‌റ്റ്‌മൻ ( 75 ) അന്തരിച്ചു. കാലിഫോർണിയയിലെ വസതിയിൽ ഉറക്കത്തിനിടെയായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ട്. സൂപ്പർ ഹിറ്റ് ചിത്രമായ ' ഗോസ്റ്റ്ബസ്റ്റേഴ്സ് " ( 1984 ) ഉൾപ്പെടെ 80 - 90 കാലഘട്ടത്തിൽ അദ്ദേഹം സംവിധാനം ചെയ്ത നിരവധി ഹോളിവുഡ് ഹാസ്യ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. 1998ൽ സിനിമാ നിർമ്മാണ കമ്പനിയായ ദ മൊന്റസീറ്റോ പിക്ചർ കമ്പനി സ്ഥാപിച്ചു.
അർണോൾഡ് ഷ്വാർസ്‌നെഗർ അഭിനയിച്ച ' ട്വിൻസ് ", ' കിന്റർഗാർട്ടൺ കോപ് ", ' ജൂനിയർ ", ബിൽ മുറെ നായകനായെത്തിയ ' സ്ട്രിപ്സ്", കെവിൻ ക്ലൈൻ കേന്ദ്രകഥാപാത്രം അവതരിപ്പിച്ച ' ഡേവ് " തുടങ്ങിയവ ഇവാൻ റെയ്‌റ്റ്‌മന്റെ കരിയറിലെ ഏറ്റവും ജനപ്രിയ ഹിറ്റുകളാണ്. 1946 ഒക്ടോബർ 27ന് ചെകോസ്ലോവാക്യയിലെ ഹംഗറിയൻ കുടുംബത്തിലാണ് റെയ്‌റ്റ്‌മന്റെ ജനനം. അദ്ദേഹത്തിന് നാല് വയസുള്ളപ്പോൾ കുടുംബം കാനഡയിലേക്ക് കുടിയേറി. ഭാര്യ ജെനവീവ് റോബർട്ട്. നടനും സംവിധായകനുമായ ജേസൺ റെയ്‌റ്റ്‌മൻ, നടിയായ കാതറിൻ, കാരലൈൻ എന്നിവർ മക്കളാണ്. മീറ്റ്ബോൾസ്, ഗോസ്റ്റ്‌ബസ്റ്റേഴ്സ് II, ഫാദേഴ്സ് ഡേ, സിക്സ് ഡേസ് ആൻഡ് സെവൻ നൈറ്റ്സ്, എവല്യൂഷൻ, നോ സ്ട്രിംഗ്സ് അറ്റാച്ചഡ് തുടങ്ങിയവയാണ് റെയ്‌റ്റ്‌മന്റെ മറ്റ് പ്രധാനചിത്രങ്ങൾ.