
ചെന്നൈ : സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു കല്യാണക്കത്താണ്. ആസ്ട്രേലിയൻ ക്രിക്കറ്ററും ഐ.പി.എല്ലിലെ പ്പർ താരവുമായ ഗ്ളെൻ മാക്സ്‌വെല്ലിന്റേതാണ് ആ കല്യാണക്കത്ത്. തമിഴിലാണ് ഈ തിരുമണ പത്രികൈ എന്നതാണ് കൗതുകം.
മാക്സ്‌വെൽ തന്റെ ദീർഘകാല കാമുകിയായ വിനിരാമനെയാണ് അടുത്തമാസം 27ന് വിവാഹം ചെയ്യുന്നത്. മെൽബണിൽ ജനിച്ചു വളർന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. 2017 മുതൽ പ്രണയത്തിലായ ഇരുവരും കഴിഞ്ഞ വർഷം ഇന്ത്യൻ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാൽ, കൊവിഡ് വ്യാപനത്തെ തുടർന്നു വിവാഹം നടത്താനായിരുന്നില്ല.
വിനി ജനിച്ചത് ആസ്ട്രേലിയയിൽ ആണെങ്കിലും മാതാപിതാക്കൾ തമിഴ് പാരമ്പര്യം തുടരുന്നവരാണ്. തമിഴിൽ അച്ചടിച്ച വിവാഹക്ഷണക്കത്ത് പരമ്പരാഗത മഞ്ഞ നിറത്തിലാണു പുറത്തിറക്കിയത്. തമിഴ് ആചാര പ്രകാരമാണ് വിവാഹവും.