cricket

കൊൽക്കത്ത : ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ കൊൽക്കത്തയിൽ തുടക്കമാകും. അഹമ്മദാബാദിൽ നടന്ന ഏകദിന പരമ്പര 3-0ത്തിന് തൂത്തുവാരിയതിന്റെ ആവേശത്തിലാണ് ഇന്ത്യ കൊൽക്കത്തയിലെത്തിയിരിക്കുന്നത്. ഉപനായകൻ കെ.എൽ രാഹുലും അക്ഷർ പട്ടേലും ഇന്ത്യൻ ടീമിലുണ്ടാവില്ല. പകരം റിതുരാജ് ഗെയ്ക്ക്‌വാദിനെയും ദീപക് ഹൂഡയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദിന പരമ്പരയിൽ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച ഹൂഡ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

ആദ്യ ഏകദിനത്തിന് ശേഷം കളിക്കാൻ കഴിയാതിരുന്ന ക്യാപ്ടൻ കെയ്റോൺ പൊള്ളാഡ് ട്വന്റി-20 പരമ്പരയിൽ കളിക്കുമെന്നാണ് വിൻഡീസിന്റെ പ്രതീക്ഷ.

കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ആദ്യ ട്വന്റി-20 ഈഡൻ ഗാർഡൻസിൽ കാണികൾ ഇല്ലാതെയാകും നടത്തുക.എന്നാൽ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങളിൽ പരിമിതമായ തോതിലെങ്കിലും കാണികളെ അനുവദിക്കണമെന്ന് ബംഗാൾ ക്രിക്കറ്റ് ബോർഡ് ബി.സി.സി.ഐയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.