
പെരുമ്പാവൂർ: വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന 3.260 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പെരുമ്പാവൂർ എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായി. ഒഡിഷ സ്വദേശി ബിച്ചോത്ര മണാന്തുൾ(24) ആണ് പിടിയിലായത്. നാട്ടിൽനിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ഇതരസംസ്ഥാനക്കാർക്ക് വിൽപ്പന നടത്തുന്നതാണ് ഇയാളുടെ പ്രധാന വരുമാനമാർഗ്ഗം. എറണാകുളം എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരങ്ങളെത്തുടർന്ന് ഇയാൾ കുറച്ചു ദിവസമായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് വിൽപ്പനയ്ക്കായി വാഴക്കുളം ജാമിയാ സ്റ്റോപ്പിൽ നിൽക്കുന്നതിനിടയിലാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. പെരുമ്പാവൂർ എക്സൈസ് ഇൻസ്പെക്ടർ എം.മഹേഷ് കുമാർ, അസി: എക്സൈസ് ഇൻസ്പെക്ടർ കെ.റെജി, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.എൽ.ഗോപാലകൃഷ്ണൻ, പി.ജെ.പത്മ ഗിരീശൻ, പി.ടി.രാഹുൽ, സി.വി.കൃഷ്ണദാസ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ പൊരുമ്പാവൂർ എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ നിരവധി കേസുകളിലായി 13.600 കിലോഗ്രാം കഞ്ചാവും 13 കഞ്ചാവ് ചെടികളും കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് 0484 2590831, 9400069574 എന്നീ നമ്പറുകളിൽ അറിയിക്കാമെന്ന് പെരുമ്പാവൂർ എക്സൈസ് ഇൻസ്പെക്ടർ എം.മഹേഷ് കുമാർ അറിയിച്ചു.