
തൊടുപുഴ: റബർ കടയിൽ നിന്ന് 700 കിലോ ഷീറ്റ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. കോട്ടയം കുറുപ്പുന്തറ മാൻവട്ടം കളപ്പുരത്തട്ടിൽ മെൽവിൻ എന്ന് വിളിക്കുന്ന ചാക്കോ ജോസ് (21), ഇടവെട്ടി ശാസ്താംപാറ നടയം ഭാഗത്ത് പുത്തോലിക്കൽ വീട്ടിൽ പിസികുട്ടൻ എന്ന് വിളിക്കുന്ന ശ്യാംകുമാർ ഷാജി (21) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിലുൾപ്പെട്ട അഞ്ച് പ്രതികളും പിടിയിലായി. ഒന്നാം തീയതി സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സൂചനകളിൽ നിന്ന് ഇടവെട്ടി മാർത്തോമ സ്വദേശി നെല്ലിക്കുന്നത്ത് ഷാമോൻ നസീർ (33) പിടിയിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാഴക്കുളത്ത് നിന്ന് പ്രധാന പ്രതികളായ ചാക്കോയെയും ശ്യാംകുമാറിനെയും പിടികൂടുന്നത്. ഇവരുടെ കൂട്ടു പ്രതികളായ ലിബിൻ, ഷിന്റോ എന്നിവർ മറ്റൊരു മോഷണ കേസിൽ റിമാൻഡിലാണ്. കഴിഞ്ഞ് 24ന് അർദ്ധരാത്രിയാണ് വെട്ടിമറ്റം എണ്ണപ്പന തോട്ടത്തിനു സമീപം പ്രവർത്തിക്കുന്ന കെ.സി. ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൽ നിന്ന് പ്രതികൾ റബർ ഷീറ്റ് മോഷ്ടിച്ചു കടത്തിയത്. സ്ഥാപനത്തിന്റെ പിൻവാതിലുകൾ തകർത്താണ് കവർച്ചക്കാർ അകത്ത് കയറിയത്. റബർഷീറ്റിന് പുറമേ അലമാരയിൽ സൂക്ഷിച്ചിരുന്ന എണ്ണായിരത്തോളം രൂപയും അപഹരിച്ചു. സ്ഥാപനത്തിനുള്ളിൽ സംഘം നാശനഷ്ടങ്ങളും വരുത്തിയിരുന്നു.
മോഷണത്തിനു ശേഷം ഷീറ്റ് കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഉടുമ്പന്നൂർ, വാഴക്കുളം ഭാഗത്ത് പ്രതികൾ വിൽപ്പന നടത്തിയ 500 കിലോയോളം റബർ ഷീറ്റും പൊലീസ് കണ്ടെടുത്തിരുന്നു. ബാക്കി ഷീറ്റ് കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാൽ, സി.ഐ വി.സി. വിഷ്ണുകുമാർ, എ.എസ്.ഐമാരായ ഷംസുദ്ദീൻ, ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ ഹരീഷ്, സനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടി കൂടിയത്.