
കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിക്ക് കഞ്ചാവ് നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാക്കളുടെ രണ്ടാഴ്ചത്തെ ഫോൺകോൾ വിവരങ്ങൾ (സി.ഡി.ആർ) കേന്ദ്രീകരിച്ച് അന്വേഷണം. തൃപ്പൂണിത്തുറ അരഞ്ഞാണിയിൽ വീട്ടിൽ ജിത്തുവും (29) തൃപ്പൂണിത്തുറ പെരുമ്പള്ളിയിൽ വീട്ടിൽ സോണിയും (25) സമാനമായി കൂടുതൽ പെൺകുട്ടികളെ വലയിൽ വീഴ്ത്തിയിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതിനാലാണ് ഈ നീക്കം.
രണ്ടാഴ്ചക്കിടെ ഇവർ ആരെല്ലാമായി ബന്ധപ്പെട്ടു, ലഹരിമരുന്നുകൾ ലഭിച്ചത് ആരിൽനിന്ന്, ഇവരുടെ സുഹൃത്തുക്കളും ഇതേരീതി പ്രയോഗിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. സി.ഡി.ആർ വിവരങ്ങൾ ശേഖരിച്ചശേഷം പ്രതികളെ കസ്റ്റഡിയിൽവാങ്ങും. മൂന്ന് കുട്ടികളെയാണ് പ്രതികൾ വലയിലാക്കിയത്. ഇതിൽ രണ്ടുപേർ ലൈംഗിക ഉപദ്രവങ്ങളിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടവരാണ്. ഇവർ ഇതുവരെ പരാതി നൽകിയിട്ടില്ല. ഒരുപെൺകുട്ടി മാത്രമാണ് പരാതി നൽകിയിട്ടുള്ളത്. ഇവരുടെ വൈദ്യപരിശോധന നടത്തിയിട്ടുണ്ട്. രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും.
കഴിഞ്ഞദിവസം കലൂർ പാവക്കുളം ക്ഷേത്രത്തിന് സമീപം പ്രതികൾ ഓടിച്ച കാറിടിച്ച് കൊച്ചി നഗരത്തിലെ ശുചീകരണ തൊഴിലാളി മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. നിർത്താതെപോയ ഇവരെ കലൂരിൽവച്ച് തടഞ്ഞുനിറുത്തിയാണ് പിടികൂടിയത്. കാറിൽ സ്കൂൾ വിദ്യാർത്ഥിനികളുണ്ടായിരുന്നെന്ന വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികളെ കണ്ടെത്തി ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ജിത്തു മെഡിക്കൽ റെപ്രസന്റേറ്റീവാണ്. സോണി കൊച്ചി കപ്പൽശാലയിലെ കരാർ ജീവനക്കാരാനാണ്. ഇയാളാണ് ലഹരിമരുന്ന് സംഘടിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ലഹരിക്ക് അടിമകളല്ലെന്നാണ് കണ്ടെത്തൽ.