
പി.എസ്.ജി Vs റയൽ മാഡ്രിഡ്
സ്പോർട്ടിംഗ് Vs മാഞ്ചസ്റ്റർ സിറ്റി
പാരീസ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് നടക്കുന്ന ആദ്യ പാദ പ്രീ ക്വാർട്ടർ മത്സരങ്ങളിൽ മുൻ ചാമ്പ്യന്മാരായ സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡ് ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയെയും ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റി പോർച്ചുഗീസ് ക്ളബ് സ്പോർട്ടിംഗ് സി.പിയെയും നേരിടും.
പ്രാഥമിക റൗണ്ടിൽ ഇന്റർ മിലാനും ഷാക്തറും ഷരിഫുമടങ്ങിയ ഡി ഗ്രൂപ്പിലെ ആറിൽ അഞ്ചു മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് റയൽ മാഡ്രിഡ് നോക്കൗട്ടിലെത്തിയത്. ഗ്രൂപ്പ് റൗണ്ടിൽ ഷെരിഫിനോട് എവേ മത്സരത്തിൽ മാത്രമാണ് റയൽ തോറ്റിരുന്നത്
ഗ്രൂപ്പ് എയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് പി.എസ്.ജി ഫിനിഷ് ചെയ്തിരുന്നത്.ആറ് മത്സരത്തിൽ മൂന്നെണ്ണത്തിൽ മാത്രമാണ് പി.എസ്.ജിക്ക് ജയിക്കാനായിരുന്നത്. രണ്ടെണ്ണത്തിൽ സമനില വഴങ്ങിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിയോട് തോൽക്കേണ്ടിവന്നു.
കഴിഞ്ഞ സീസൺ വരെ സ്പാനിഷ് ലീഗിലെ തങ്ങളുടെ ചിരവൈരികളായ ബാഴ്സലോണയുടെ കുന്തമുനയായിരുന്ന ലയണൽ മെസിയെ ഇക്കുറി പി.എസ്.ജിയുടെ കുപ്പായത്തിൽ റയലിന് നേരിടേണ്ടിവരും.
പരിക്കിൽ നിന്ന് മോചിതനായി നെയ്മർ കൂടി എത്തുന്നതോടെ മെസി-എംബാപ്പെ -നെയ്മർ ത്രയത്തിന്റെ മികവിൽ റയലിനെ വിരട്ടാമെന്നുള്ള ആത്മവിശ്വാസത്തിലാണ് പാരീസ് എസ്.ജി.ഇന്ന് പാരീസിന്റെ ഹോം മാച്ചാണ്. അതും ആവേശം കൂട്ടുന്നു.
മിന്നുന്ന ഫോമിലുള്ള കരിം ബെൻസേമ,വിനീഷ്യസ് ജൂനിയർ,ഗാരേത്ത് ബെയ്ൽ,അസൻഷ്യോ,ടോണി ക്രൂസ്,കർവഹായൽ,ഗോളി ടിബോ കുർട്ടോ തുടങ്ങിയവരുടെ മികച്ച ഫോമിലാണ് റയലിന്റെ പ്രതീക്ഷകൾ. കഴിഞ്ഞ ദിവസം നടന്ന സ്പാനിഷ് ലാലിഗ മത്സരത്തിൽ വിയ്യാറയലിനോട് ഗോൾരഹിത സമനില വഴങ്ങിയെങ്കിലും റയൽ മാഡ്രഡ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
കഴിഞ്ഞ സീസണിൽ സെമിഫൈനലിൽ എത്തിയിരുന്ന ടീമുകളാണ് റയലും പാരീസും. പാരീസ് സെമിയിൽ ചെൽസിയോടും റയൽ മാഞ്ചസ്റ്റർ സിറ്റിയോടും തോറ്റ് പുറത്താവുകയായിരുന്നു. ചെൽസിയാണ് കിരീടം നേടിയത്.
ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സ്പോർട്ടിംഗിനെ അവരുടെ തട്ടകത്തിലെത്തിയാണ് നേരിടുന്നത്.
ഗ്രൂപ്പ് എയിൽ നാലു വിജയങ്ങളും രണ്ടു തോൽവികളുമായി ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി നോക്കൗട്ടിൽ സ്ഥാനമുറപ്പിച്ചത്. സ്പോർട്ടിംഗ് സി ഗ്രൂപ്പിൽ മൂന്ന് കളി ജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് എത്തിയത്.
ടി.വി ലൈവ് : രാത്രി 1.30 മുതൽ ടെൻ സ്പോർട്സ് ചാനൽ ശൃംഖലയിൽ