
ടോക്യോ: ഇലക്ട്രിക്ക് വാഹനങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത തന്നെ അവയ്ക്ക് മാനുവൽ ട്രാൻസ്മിഷന്റെ ആവശ്യമില്ലെന്നത് തന്നെയാണ് - അതായത് ക്ളച്ചുകളുടെയോ ഗിയറുകളുടെയോ ആവശ്യം ഇല്ലാതെ ഓടിക്കാൻ സാധിക്കുന്നവയാണ് ഇലക്ട്രിക്ക് മോട്ടോറുകളിൽ പ്രവർത്തിക്കുന്ന ഇ കാറുകൾ. എന്നാൽ ഇലക്ട്രിക്ക് കാറുകളിൽ ഗിയറുകൾ ഘടിപ്പിക്കാനുള്ള പദ്ധതിയിലാണ് ടൊയോട്ട.
ഇലക്ട്രിക്ക് മോട്ടോറുകളിൽ ഒരു പ്രത്യേക കൺട്രോളർ ഘടിപ്പിച്ച് ആ കാറുകളുടെ ടോർക്ക് നിയന്ത്രിക്കാൻ ഡ്രൈവറിനെ സഹായിക്കുന്ന രീതിയിലാണ് ടൊയോട്ട തങ്ങളുടെ ഇലക്ട്രിക്ക് കാറുകൾ ഡിസൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ഉപഭോക്താക്കൾക്ക് ഒരു അധിക ഫീച്ചർ ആയിട്ട് നൽകാനായിട്ടാണ് ടൊയോട്ട താത്പര്യപ്പെടുന്നത്.
നിലവിൽ പോർഷെയുടെ ടേയ്ക്കാനും ഓഡിയുടെ ഇ ട്രോണിലും ഗിയർ സംവിധാനം ലഭ്യമാണ്. മാനുവൽ ട്രാൻസ്മിഷനിൽ ഓടുന്ന ഇന്റേണൽ കമ്പഷനിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ പുറം രാജ്യങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങളായി മാറ്റിയെടുക്കാറുണ്ട്. എന്നാൽ ഇതിൽ ആ വാഹനത്തിന്റെ ടോർക്ക് അനുസരിച്ച് ഏതെങ്കിലും ഒരു ഗിയറിൽ സ്ഥിരമായി വാഹനം ഓടുന്ന രീതിയിലാണ് സെറ്റ് ചെയ്യുന്നത്.
അതേസമയം ടൊയോട്ടയുടെ ഈ തീരുമാനം വ്യത്യസ്ത പ്രതികരണങ്ങളാണ് വാഹനപ്രേമികളിൽ ഉയർത്തിയിരിക്കുന്നത്. ആവശ്യമില്ലാത്ത ഒരു സംവിധാനം എന്തിന് വാഹനത്തിൽ കൂട്ടിച്ചേർക്കണം എന്ന് ഒരുകൂട്ടർ ചോദിക്കുമ്പോൾ ടൊയോട്ടയുടെ നീക്കം വാഹനലോകത്ത് വിപ്ളവകരമായ മാറ്റങ്ങൾക്ക് പ്രചോദനമാകും എന്ന് മറ്റൊരുകുട്ടർ കരുതുന്നു.
ടൊയോട്ട നടത്തിയ ഒരു സർവ്വേയിൽ വാഹനം ആസ്വദിച്ച് ഓടിക്കുന്നവരാണ് ഗിയറുകൾക്ക് വേണ്ടി വാദിക്കുന്നതെന്നാണ് അറിയാൻ കഴിയുന്നത്.