air-india

ന്യൂഡൽഹി: എയർ ഇന്ത്യയുടെ തലപ്പത്ത് മാറ്റങ്ങൾ വരുത്തി കമ്പനി ഓപ്പറേഷൻസ് മേധാവികളായ ടാറ്റ. തുർക്കിഷ് എയർലൈൻസിന്റെ മുൻ ചെയർപേഴ്‌സണായ ഇൽക്കർ ഐച്ചിയെ കമ്പനിയുടെ എം.ഡിയും സി.ഇ.ഒയുമായി ടാറ്റ നിയമിച്ചു. റെഗുലേറ്ററി അംഗീകാരം ലഭിച്ചാൽ ഐച്ചിയ്‌ക്ക് സിഇ‌ഒയായി ചുമതലയേൽക്കാനാകും.

തുർക്കിഷ് എയർലൈൻസിന്റെ ഇപ്പോഴത്തെ വിജയഗാഥയിലേക്ക് നയിച്ച ഇൽക്കറിനെ എയർ ഇന്ത്യയുടെ പുതിയ കാലഘട്ടത്തിലേക്ക് ക്ഷണിക്കാൻ ടാറ്റയ്‌ക്ക് സന്തോഷമേയുള‌ളുവെന്ന് കമ്പനി അറിയിച്ചു. ഏപ്രിൽ ഒന്നിന് മുൻപ് ഇൽക്കർ ചുമതല ഏറ്റെടുക്കും. എയർ ഇന്ത്യയുടെ ചുമതലയിലേക്ക് വന്നതിൽ സന്തോഷമുണ്ടെന്നും എയർ ഇന്ത്യയുടെ ശക്തമായ പാരമ്പര്യം ഉപയോഗിച്ച് ലോകത്തെ മികച്ച എയർലൈനാക്കി മാറ്റാൻ ശ്രമിക്കുമെന്നും ഇൽക്കർ‌ പറഞ്ഞു.

ടാറ്റയുടെ കീഴിലുള‌ള മൂന്നാമത് എയർലൈൻ ബ്രാൻഡാണ് എയർ ഇന്ത്യ. എയർ ഏഷ്യ ഇന്ത്യ, വിസ്‌താര എന്നിവയുടെ മുഖ്യ ഓഹരി പങ്കാളികളാണ് ടാറ്റ. 1932ൽ ടാറ്റ എയർലൈൻസ് എന്ന പേരിൽ ടാറ്റ ആരംഭിച്ച കമ്പനിയാണ് 1946ൽ എയർ ഇന്ത്യ ആയത്. 1953ൽ സർക്കാർ ഉടമസ്ഥാവകാശം ഏറ്റെടുത്തു. ജെആർഡി ടാറ്റ 1977വരെ കമ്പനി ചെയ‌ർമാനായി തുടർന്നു. നീണ്ട 69 വർഷത്തിന് ശേഷമാണ് കമ്പനി ടാറ്റയുടെ കൈവശം തന്നെ വന്നെത്തുന്നത്.