barcelona

ബാഴ്സലോണ 2- എസ്പാന്യോൾ 2

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയെ സമനിലയിൽ തളച്ച് എസ്പാന്യോൾ.എസ്പാന്യോളിന്റെ തട്ടകത്തിൽ രണ്ടാം മിനിട്ടിൽ പെഡ്രിയിലൂടെ സ്കോറിംഗ് തുടങ്ങിവച്ച ബാഴ്സയെ 40-ാം മിനിട്ടിലെ സെർജി ദാർദറിന്റെ ഗോളിലൂടെ എസ്പാന്യോൾ സമനിലയിൽ പിടിച്ചിരുന്നു. 64-ാം മിനിട്ടിൽ റൗൾ ഡി ടൊമാസിലൂടെ എസ്പാന്യോൾ ലീഡ് നേടുകയും ചെയ്തു. ഇൻജുറി ടൈമിന്റെ രണ്ടാം മിനിട്ടിൽ എസ്പാന്യോളിന്റെ നിക്കോ മെലാമെദും ബാഴ്സയുടെ ജെറാഡ് പിക്വെയും ചുവപ്പുകാർഡ് കണ്ട് പുറത്തായി. ആറാം മിനിട്ടിൽ ലൂക്ക് ഡിയോംഗാണ് ബാഴ്സയ്ക്ക് വേണ്ടി സമനില ഗോൾ നേടിയത്. തൊട്ടുപിറകെ എസ്പാന്യോളിന്റെ മാനു മോർലാനസിനും ചുവപ്പുകാർഡ് കിട്ടി.

23 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് ബാഴ്സലോണ.24 കളികളിൽനിന്ന് 54 പോയിന്റുള്ള റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. എസ്പാന്യോൾ 28 പോയിന്റുമായി 13-ാം സഥാനത്താണ്.