karnataka-hijab-issue

ബംഗളൂരു: ഹിജാബ് ധരിച്ച് സ്‌കൂളിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് കർണാടകയിൽ വിദ്യാർത്ഥിനികൾ പരീക്ഷ ബഹിഷ്‌കരിച്ചു. കുടകിൽ 30 വിദ്യാർത്ഥികളും ശിവമോഗയിൽ 13 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതാതെ പ്രതിഷേധിച്ചത്. ബോർഡ് പരീക്ഷയ്ക്കു മുമ്പുള്ള മോഡൽ പരീക്ഷകളാണ് ഇപ്പോൾ നടക്കുന്നത്.

കോടതിയുടെ ഉത്തരവ് അനുസരിക്കണമെന്ന് വിദ്യാർത്ഥികളോട് കർണാടകയിലെ സ്‌കൂളുകൾ നേരത്തെ നിർദ്ദേശിച്ചിരുന്നു. ഹിജാബ് വിഷയത്തിൽ വിധി വരുംവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്നാണ് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

എന്നാൽ അടച്ചുപൂട്ടിയ സ്‌കൂളുകൾ തിങ്കളാഴ്ച തുറന്നപ്പോൾ ചിലർ ഹിജാബും ബുർഖയും ധരിച്ചെത്തുകയായിരുന്നു. ഇതോടെ സ്‌കൂൾ അധികൃതർ ഇടപെടുകയും ഹിജാബും ബുർഖയും അഴിച്ചുമാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. അനുസരിക്കാതിരുന്ന ചിലർ വീട്ടിലേക്കുതന്നെ തിരിച്ചുപോയി.