ukraine

ന്യൂയോർക്ക് : യുക്രെയിന് ചുറ്റും റഷ്യ തങ്ങളുടെ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതായും ഈ ആഴ്ച തന്നെ ആക്രമണം പ്രതീക്ഷിക്കാമെന്നും ആവർത്തിച്ച് യു.എസ് ഇന്റലിജൻസ് വൃത്തങ്ങൾ. യുക്രെയിന്റെ പ്രധാന മിലിട്ടറി സംവിധാനങ്ങളെ ലക്ഷ്യംവച്ചുള്ള റഷ്യൻ മിസൈൽ ആക്രമണങ്ങളോ വ്യോമാക്രമണങ്ങളോ ആണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ഇവർ പറയുന്നു. യു.എസ് നാഷണൽ സെക്യൂരിറ്റി അഡ്‌വൈസർ ജേക്ക് സള്ളിവനും ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു.

ഒരു ' ഫാൾസ് ഫ്ലാഗ് " ഓപ്പറേഷന് റഷ്യ മുതിരാമെന്നും യു.എസ് മുന്നറിയിപ്പ് നൽകുന്നു. ഒരു സൈനിക വിഭാഗത്തിന്റെ യഥാർത്ഥ വ്യക്തിത്വം മറച്ചുവച്ച് നടത്തുന്ന ആക്രമണമാണിത്. ഉത്തരവാദിത്വത്തിന്റെ യഥാർത്ഥ ഉറവിടം മറച്ചുവയ്ക്കാനും മറ്റൊരു കക്ഷിയെ കുറ്റപ്പെടുത്താനുമാണ് ഫാൾസ് ഫ്ലാഗ് ഓപ്പറേഷനുകൾ പ്രയോഗിക്കുന്നത്.

റഷ്യൻ സൈനികർക്ക് നേരെ അവർ തന്നെ വ്യാജ ആക്രമണം നടത്തി അതിന്റെ ഉത്തരവാദിത്വം യുക്രെയിന് മേൽ ആരോപിക്കുകയും അതിലൂടെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യാനും സാദ്ധ്യത തള്ളാനാകില്ലെന്ന് യു.എസ് വ്യക്തമാക്കുന്നു.

 ഷോൾസ് യുക്രെയിനിൽ

ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് ഇന്നലെ യുക്രെയിൻ സന്ദർശനം നടത്തി. കീവിൽ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം യുക്രെയിന് 150 മില്യൺ യൂറോയുടെ സഹായം പ്രഖ്യാപിച്ചു.

ഇരുരാജ്യങ്ങളും തമ്മിലെ സംഘർഷാവസ്ഥ പരിഹരിക്കാനാണ് ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ശ്രമമെന്നും യൂറോപ്പിന്റെ സുരക്ഷ മുൻനിറുത്തി റഷ്യയുമായി ഗൗരവമായ ചർച്ചകൾക്ക് തങ്ങൾ തയാറാണെന്നും ഷോൾസ് വ്യക്തമാക്കി. സംഘർഷാവസ്ഥയിൽ അയവ് വരുത്താനുള്ള നയതന്ത്ര ചർച്ചകളുടെ ഭാഗമായി ഷോൾസ് ഇന്ന് മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തും.

 മൗനം പാലിച്ച് ചൈന

യു.എസിന് പിന്നാലെ ഡസൻകണക്കിന് രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെയും എംബസി ജീവനക്കാരെയും യുക്രെയിനിൽ നിന്ന് ഒഴിപ്പിക്കാൻ തുടങ്ങിയിട്ടും എന്ത് കൊണ്ട് തങ്ങൾ സാമന നടപടികളിലേക്ക് നീങ്ങുന്നില്ലെന്ന ചോദ്യങ്ങൾക്ക് മുന്നിൽ ഒഴിഞ്ഞുമാറി ചൈന. യുക്രെയിനിലെ തങ്ങളുടെ എംബസി സാധാരണഗതിയിൽ പ്രവർത്തിക്കുന്നതായാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

 പുടിൻ - ലുകാഷെൻകോ കൂടിക്കാഴ്ച

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോയും ഈ ആഴ്ച കൂടിക്കാഴ്ച നടത്തും. നിലവിൽ, ബെലറൂസിൽ റഷ്യയുടെ സംയുക്ത സൈനികാഭ്യാസം നടത്തിവരികയാണ്. ഈമാസം 20ന് ഇത് അവസാനിക്കും.

 ഉപരോധം ഏർപ്പെടുത്തുമെന്ന് ജി 7

യുക്രെയിനെ ആക്രമിക്കാൻ മുതിർന്നാൽ റഷ്യയ്ക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി 7. ഉപരോധങ്ങൾ റഷ്യൻ സമ്പദ്‌വ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ജി 7 പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ പറയുന്നു.

 ശ്രമം തുടരുമെന്ന് സെലെൻസ്കി

നാറ്റോയിൽ അംഗത്വം നേടുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. യുക്രെയിന് നാറ്റോ അംഗത്വം നൽകരുതെന്നാണ് റഷ്യയുടെ പ്രധാന ആവശ്യം. നിലവിലെ സംഘർഷങ്ങളുടെ പ്രധാനകാരണങ്ങളിലൊന്നും ഇതാണ്. ഇന്നലെ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിനിടെയാണ് സെലെൻസ്കിയുടെ പ്രതികരണം.